Breaking News

വയനാട് നമ്പ്യാർകുന്ന് ചീരാൽ മേഖലയിൽ രണ്ടുമാസത്തോളമായി ഭീതി പരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി

സുല്‍ത്താന്‍ ബത്തേരി: രണ്ട് മാസത്തിലധികമായി തുടങ്ങിയതായിരുന്നു സാറെ അവന്റെ പൊല്ലാപ്പ്. എവിടെ എപ്പോ വന്നുചാടുമെന്ന് അറിയില്ല. പാലളക്കാനും കുട്ടികള്‍ക്ക് മദ്രസയിലേക്ക് പോകാനുമൊന്നും കഴിയാത്ത സ്ഥിതിയായിരുന്നു. ഇന്നാണ് ആ ഭീഷണി ഒഴിഞ്ഞത്, നമ്പ്യാർകുന്ന് ചീരാൽ മേഖലയിൽ രണ്ടുമാസത്തോളമായി ഭീതി പരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയതോടെ. ചീരാലിലെയും നമ്പിക്കൊല്ലിയിലെയും ജനങ്ങള്‍ പുലപ്പേടിയുടെ കഥ വിവരിക്കുകയായിരുന്നു. 


സൗത്ത് വയനാട് വനം ഡിവിഷന്‍ മുട്ടില്‍ സെക്ഷനിലുള്‍പ്പെട്ട ചീരാല്‍ അശാരിപ്പടി പ്രദേശത്ത് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഒരു വന്യമൃഗത്തിന്റെ സാന്നിധ്യം നാട്ടുകാര്‍ ആദ്യമായി വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഒരു വീട്ടിലെത്തി വളര്‍ത്തുനായയെ പിടിച്ചതായിരുന്നു ആദ്യ സംഭവം. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് പ്രദേശത്തുള്ളത് പുലി തന്നെയെന്ന് ഉറപ്പിച്ചു. ഈ സമയം തന്നെ സമീപ പ്രദേശങ്ങളായ തമിഴ്‌നാട് നരിക്കൊല്ലി ഭാഗത്തും പുലിയെ കണ്ടുവെന്നുള്ള വിവരങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ പ്രദേശവാസികളില്‍ വലിയ ഭീതിയും ആശങ്കയും ഉടലെടുത്തു.

തുടര്‍ച്ചയായി 12 ഓളം വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചതോടെ ജനങ്ങള്‍ പ്രതിഷേധത്തിലേക്ക് നീങ്ങിയതിന് പിന്നാലെ പുലിയെ കണ്ടതായി സ്ഥിരീകരിച്ച പ്രധാന ലൊക്കേഷനുകളില്‍ 11 ക്യാമറ ട്രാപ്പുകള്‍ വനംവകുപ്പ് സ്ഥാപിച്ചു. ഒപ്പം പിടികൂടാനുള്ള കൂടും കൊണ്ടുവന്നുവെച്ചു. കൂട് വെച്ചിട്ടും ആ സ്‌പോട്ടിലേക്ക് പുലി എത്താതെ വന്നതോടെ ആദ്യം സ്ഥാപിച്ച സ്ഥലത്ത് നിന്ന് കൂട് മാറ്റി. അങ്ങനെ ആദ്യം കന്നുകാലിയെ ആക്രമിച്ച സ്‌പോട്ടില്‍ ഇക്കഴിഞ്ഞ ജൂണ്‍ 29ന് കൂടെത്തിച്ചു. ഇരയെ വെച്ച് ആഴ്ച്ചകളോളമാണ് വനംവകുപ്പും നാട്ടുകാരും കാത്തിരുന്നത്. പരിസര ഈ സമയങ്ങളിലെല്ലാം കൂട് സ്ഥാപിച്ചിരുന്നതിന്റെ അയല്‍ പ്രദേശങ്ങളില്‍ പുലിയെത്തി വളര്‍ത്തുമൃഗങ്ങളെ വകവരുത്തിക്കൊണ്ടിരുന്നു.







No comments