Breaking News

വീട്ടമ്മ മരിച്ച സംഭവം കൊലപാതകം; ഭർത്താവ് ബലമായി വായില്‍ വിഷം ഒഴിച്ച് നല്‍കി, ജോർലി നേരിട്ടത് കൊടിയ പീഡനം


തൊടുപുഴ: വിഷം ഉള്ളില്‍ ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു (43) വിനെതിരെ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്. ഇക്കഴിഞ്ഞ 26നാണ് ജോര്‍ലിയെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബലം പ്രയോഗിച്ച് കവിളില്‍ കുത്തി പിടിച്ച ശേഷം ഭര്‍ത്താവ് ടോണി മാത്യു കുപ്പിയിലെ വിഷം വായില്‍ ഒഴിച്ചു നല്‍കുകയായിരുവെന്ന് ജോര്‍ലി ആശുപത്രിയില്‍ വച്ച് മജിസ്ട്രേറ്റിനും പൊലീസിനും മൊഴി നല്‍കി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ജോര്‍ലി വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് മരിച്ചത്.

വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജോര്‍ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജോര്‍ലിയുടെ പിതാവ് പല്ലാരിമംഗലം അടിവാട് കുന്നക്കാട് ജോണ്‍ കരിങ്കുന്നം പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് ജോര്‍ലിക്കും നിരന്തരമായി കടുത്ത മാനസിക, ശാരീരിക പീഡനങ്ങള്‍ ഏറ്റിരുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍തൃവീട്ടില്‍ ജോര്‍ലി കടുത്ത പീഡനമേറ്റിരുന്നെന്ന് വ്യക്തമായി. ടോണിക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചമുത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇയാളെ പുറപ്പുഴയിലെ വീട്ടിലും വിഷം വാങ്ങിയ പുറപ്പുഴയിലെ വ്യാപാര സ്ഥാപനത്തിലും എത്തിച്ച് പൊലീസ് തെളിവെടുക്കുകയും ചെയ്തു. ഇതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എന്നാല്‍ വെള്ളിയാഴ്ച ജോര്‍ലി മരിച്ചതോടെ ടോണിയുടെ പേരില്‍ കൊലക്കുറ്റം ചുമത്തി. ആവശ്യമെങ്കില്‍ ടോണിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് കരിങ്കുന്നം പൊലീസ് സൂചിപ്പിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

No comments