Breaking News

വന്യജീവി ആക്രമണം ; കർഷകസ്വരാജ് സത്യാഗ്രഹ സമിതി നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ നിന്ന് ഭീമനടി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് കുറ്റപത്ര സമർപ്പണ യാത്ര സംഘടിപ്പിക്കും


വെള്ളരിക്കുണ്ട്  : വന്യജീവി ആക്രമണങ്ങൾക്കെതിരെ വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹമാരംഭിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ വനം വകുപ്പിൻ്റെ വീഴ്ചകൾക്കെതിരെയുള്ള പ്രചരണം ശക്തമാക്കുന്നു. ഈ പ്രശ്നം രൂക്ഷമായി വരുന്നതിൽ വനം വകുപ്പിൻ്റെ ഉത്തരവാദിത്വം ചൂണ്ടിക്കാണിക്കാൻ ജുലായ് 18 ന് വെള്ളരിക്കുണ്ടിൽ നിന്ന് ഭീമനടി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് കുറ്റപത്ര സമർപ്പണ യാത്ര സംഘടിപ്പിക്കാൻ കർഷകസ്വരാജ് സത്യാഗ്രഹ സമിതി തീരുമാനിച്ചു. 18 ന് രാവിലെ 10 മണിക്കു് വെള്ളരിക്കുണ്ടിൽ നിന്നാരംഭിക്കുന്ന യാത്ര പ്ലാച്ചിക്കര, ഭീമനടി, കുന്നുംകൈ, കാലിച്ചാമരം തുടങ്ങിയ സ്ഥലങ്ങളിലെ വിശദീകരണയോഗത്തിനു ശേഷമാവും കരിന്തളത്തുള്ള ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെത്തി കുറ്റപത്ര സമർപ്പണം നടത്തുന്നത്. ഈ കുറ്റപത്രത്തെ അടിസ്ഥാനമാക്കി ജൂലായ് അവസാന വാരത്തിൽ കാഞ്ഞാങ്ങാടു് വച്ച് വനം വകുപ്പിനെ കുറ്റവിചാരണ ചെയ്യുന്ന സംവാദ പരിപാടി സംഘടിപ്പിക്കാനും സത്യാഗ്രഹ സമിതി തീരുമാനമെടുത്തു. ആഗസ്റ്റ് ആദ്യവാരത്തിൽ വെള്ളരിക്കുണ്ട് താലൂക്കിലെ 25 കേന്ദ്രങ്ങളിൽ സത്യാഗഹപ്രചരണത്തിനായി പൊതുസമ്മേളനം നടത്താനും നിശ്ചയിച്ചിട്ടുണ്ട്. ബേബി ചെമ്പരത്തി, ഷോബി ജോസഫ്, ജോമോൻ മാമ്പള്ളി,ബേബി കളത്തൂർ, ജോസ് മണിയങ്ങാട്ടു്, ബേബി കുഞ്ചറക്കാട്ടു് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.



No comments