സഞ്ചാരികൾ ഏറുന്നു യാത്രാസൗകര്യമില്ലാതെ റാണിപുരം
രാജപുരം : മെക്കാഡം ചെയ്ത മികച്ച റോഡുണ്ടായിട്ടും ആവശ്യത്തിന് യാത്രാസൗകര്യമില്ലാതെ റാണിപുരം വിനോദ സഞ്ചാര കേന്ദ്രം. നിത്യവും നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന റാണിപുരത്തേക്ക് പേരിന് ഒരു കെഎസ്ആർടിസി ബസ് മാത്രം. അതാകട്ടെ സഞ്ചാരികൾക്ക് വലിയ പ്രയോജനവുമില്ല. കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽനിന്നും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. എന്നാൽ ബസ് സൗകര്യമില്ലാത്തത് ഇവരെ പ്രയാസത്തിലാക്കുന്നു. കാഞ്ഞങ്ങാട് -- പാണത്തൂർ സംസ്ഥാന പാതയായ പനത്തടിയിൽനിന്നും 9.5 കിലോമീറ്റർ ദൂരമുണ്ട് റാണിപുരത്തേക്ക്. കർണാടക അതിർത്തി ഗ്രാമമായ പാണത്തൂരിൽനിന്നും 7 കിലോമീറ്റർ ദൂരമാണ് റാണിപുരത്തേക്ക്. പനത്തടിയിൽനിന്നും ഒരു കെഎസ്ആർടിസി ബസും ഒരു സ്വകാര്യ ബസും മാത്രമാണ് സർവീസ് നടത്തുന്നത്. അതുതന്നെ പലപ്പോഴും ഉണ്ടാവാറില്ല. പനത്തടിയിൽനിന്നും റാണിപുരത്തേക്ക് മെക്കാഡം നടത്തി റോഡ് വികസിപ്പിച്ചിട്ടും പുതിയ ബസ് സർവീസ് ആരംഭിച്ചിട്ടില്ല. കേരളത്തിലെ ഊട്ടി എന്ന അറിയപ്പെടുന്ന റാണിപുരത്ത് സഞ്ചാരികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടും യാത്രാസൗകര്യം കുറഞ്ഞതിനാൽ സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് എത്തിപ്പെടാൻ ഏറെ പ്രയാസം. പാണത്തൂരിൽ നിന്നും റാണിപുരത്തേക്ക് ദൂരം കുറവാണെങ്കിലും ഇതുവഴിയുള്ള റോഡ് തകർന്നതും വീതി കുറവും കാരണം യാത്രക്കാർ ഈ റോഡിനെ ആശ്രയിക്കാൻ മടിക്കുന്നു. ഈ റോഡ് കൂടി മെക്കാഡം ചെയ്ത് വികസിപ്പിച്ചാൽ ഇതുവഴിയുള്ള യാത്രയും എളുപ്പമാകും. കൂടുതൽ ബസ് സർവിസ്സും ഇതുവഴി ആരംഭിക്കാനാവും. മഴക്കാലം ആരംഭിച്ചതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ വരവ് വർധിച്ചിട്ടുണ്ട്.
No comments