ഭീമനടി-ചിറ്റാരിക്കാൽ-ചെറുവത്തൂർ റോഡ് നിർമാണത്തിനെതിരെ വ്യാപക പരാതി വരക്കാട് ഭാഗത്തെ പാർശ്വഭിത്തി ഇടിഞ്ഞ നിലയിൽ
നർക്കിലക്കാട്: കിലോമീറ്ററിന് രണ്ടു കോടിയിലേറെ ചെലവഴിച്ച് നിർമിക്കുന്ന ഭീമനടി - ചിറ്റാരിക്കാൽ - ചെറുവത്തൂർ റോഡിൻ്റെ പ്രവർത്തി എസ്റ്റിമേറ്റ് പ്രകാരമല്ലെന്ന പരാതി ഉയരുന്നു. എം.രാജഗോപാലൻ എംഎൽഎയുടെ പ്രത്യേക താൽപര്യപ്രകാരം ആരംഭിച്ച പ്രവർത്തി കരാറുകാരൻ്റെ കെടുകാര്യസ്ഥത മൂലം അഞ്ചു വർഷത്തോളം ഇഴഞ്ഞു നീങ്ങിയിരുന്നു. നാട്ടുകാർ മനുഷ്യചങ്ങലയും റോഡ് ഉപരോധവും അടക്കം വൻ പ്രതിഷേധമുയത്തിയപ്പോൾ പുതിയ കരാറുകാരൻ വന്നു നിർമാണം ആരംഭിച്ചു. എന്നാൽ തികച്ചും അശാസ്ത്രീയവും എസ്റ്റിമേറ്റ് വ്യവസ്ഥകൾ ലംഘിച്ചുമാണ് നിർമാണം നടന്നത്. ടാറിംഗിൻ്റെ ഇരുവശവും കോൺക്രീറ്റും ഓവുചാൽ നിർമാണങ്ങളും വ്യവസ്ഥകൾ പ്രകാരം ചെയ്തിട്ടില്ല. ടാറിംഗിൻ്റെ ലെയറുകൾ പൂർണമായും ചെയ്തെങ്കിലും ഇരുവശവുമുള്ള കോൺക്രീറ്റ് ചെയ്യാത്തതിനാൽ കാൽനടയാത്രക്കാർക്ക് ജീവൻ പണയം വെച്ച് വേണം നടന്നുപോകുവാൻ.
റോഡ് നിർമാണത്തിനിടയിൽ വരക്കാട് ഭാഗത്ത് റോഡിൻ്റെ പഴയ പാർശ്വഭിത്തി തകർന്നിരുന്നു. എന്നാൽ ഇതു പുനർനിർമിക്കാതെയാണ് ടാറിംഗ് പ്രവർത്തി നടത്തിയത്. തങ്ങളുടെ സ്വപ്നപദ്ധതിയായ ഈ റോഡിൻ്റെ പ്രവർത്തിയോട് അധികൃതർ അന്പതുശതമാനമെങ്കിലും നീതി പുലർത്തണമായിരുന്നെന്നാണ് മലയോര ജനതയുടെ അഭിപ്രായം.
No comments