Breaking News

ഓൺലൈനിൽ വരുത്തിച്ച കഞ്ചാവ് മിഠായിയുമായി പിടിയിലായ കോളേജ് വിദ്യാർഥിയെ കോടതി റിമാൻഡ് ചെയ്തു


കാഞ്ഞങ്ങാട് : ഓൺലൈനിൽ വരുത്തിച്ച കഞ്ചാവ് മിഠായിയുമായി പിടിയിലായ കോളേജ് വിദ്യാർഥിയെ കോടതി റിമാൻഡ് ചെയ്തു. കാഞ്ഞങ്ങാട് സൗത്ത് തൈവളപ്പിലെ ദിൽജിത്തിനെ (19)നെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട്(ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. ഓൺലൈനായി വരുത്തിച്ച കഞ്ചാവും ഹാഷിഷും അടങ്ങിയ 448 ഗ്രാം മിഠായികളടങ്ങിയ പാഴ്സൽ വെള്ളിക്കോത്തെ കൊറിയർ സ്ഥാപനത്തിൽനിന്നും വാങ്ങി ഇറങ്ങുന്നതിനിടെയാണ് എക്സൈസ് ഇൻസ്പെക്ടർ ഇ വി ജിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഉത്തർ പ്രദേശിൽനിന്നാണ് പാഴ്സൽ എത്തിയതെന്ന് ചോദ്യം ചെയ്യലിൽനിന്ന് വ്യക്തമായി. ക്യാമ്പസുകളിലും മറ്റും കഞ്ചാവ് മിഠായികൾ വിൽപ്പനക്കെത്തിക്കുന്ന സംഘവുമായി ദിൽജിത്തിന് ബന്ധമുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. മുമ്പും ദിൽജിത്ത് നിരവധി തവണ കൊറിയർ വഴി കഞ്ചാവ് മിഠായി എത്തിച്ചിരുന്നതായി വ്യക്തമായി.

No comments