പാദപൂജയ്‌ക്കെതിരെ യുവജന പ്രതിഷേധം ; ബന്തടുക്കയിൽ സംഘടിപ്പിച്ച മാനവ ജാഗ്രത സദസ് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
കാസർകോട് : പാദപൂജയിലൂടെ ചാതുർവർണ്യത്തെ തിരികെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ യുവജന പ്രതിഷേധം. ഗുരുപൂർണിമ ദിനത്തിൽ വിദ്യാർഥികളെകൊണ്ട് അധ്യാപകരുടെയും സംഘപരിവാർ നേതാക്കളുടെയും കാൽകഴുകിച്ച സംഭവത്തിലാണ് ജില്ലയിൽ മൂന്നിടത്ത് പ്രതിഷേധ മാർച്ചും മാനവ ജാഗ്രതാ സദസും സംഘടിപ്പിച്ചത്. നാട് നിരാകരിച്ച ദുഷിച്ച ചിന്തകൾ പുനപ്രതിഷ്ഠിച്ച് കേരളത്തിൽ സംഘപരിവാരത്തിന് ഇടമൊരുക്കാനുള്ള വേദിയാക്കി
വിദ്യാലയങ്ങളെ മാറ്റാൻ അനുവദിക്കല്ലെന്ന പ്രഖ്യാപനമാണ് പ്രതിഷേധത്തിൽ മുഴങ്ങിക്കേട്ടത്. നവോത്ഥാന കേരളത്തിന്റെ പുരോഗമന ചിന്തകളെ അടിയറവയ്ക്കാനുള്ള ശ്രമങ്ങൾക്കെതിരെ പൊതുസമൂഹത്തിന്റെ പിന്തുണ തേടിയായിരുന്നു മാനവ ജാഗ്രതാസദസ്. ചീമേനി, തൃക്കരിപ്പൂർ, ബന്തടുക്ക എന്നിവിടങ്ങളിൽ നടന്ന സദസിലും മാർച്ചിലും നൂറുകണക്കിനാളുകൾ പങ്കാളിയായി. തൃക്കരിപ്പൂർ ചക്രപാണി വിദ്യാമന്ദിരത്തിലേക്ക് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജില്ലാ ജോയിന്റ് സെക്രട്ടറി എ വി ശിവപ്രസാദ് ഉദ്ഘാടനംചെയ്തു. ഉമേഷ് പിലിക്കോട് അധ്യക്ഷനായി. കെ കനേഷ്, കെ വി യദു, കെ ഭജിത്ത്, കാർത്തിക് രാജീവ്, ആര്യ എം ബാബു എന്നിവർ സംസാരിച്ചു. സി വി ശരത്ത് സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂർ എ ബി ഇബ്രാഹിം മാസ്റ്റർ മന്ദിര പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. ചക്രപാണി വിദ്യാമന്ദിരത്തിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ചീമേനി വിവേകാനന്ദ വിദ്യാലയത്തിനു മുന്നിൽ സംഘടിപ്പിച്ച മാനവ ജാഗ്രത സദസ് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജിത്ത് രവീന്ദ്രൻ അധ്യക്ഷനായി. ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ് പ്രമോദ് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ സജേഷ് സ്വാഗതം പറഞ്ഞു.ബാലസംഘം, എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നിവ ബന്തടുക്കയിൽ സംഘടിപ്പിച്ച മാനവ ജാഗ്രത സദസ് സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയാ സെക്രട്ടറി ശ്രിതിൻ ചന്ദ്രൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഋഷിത സി പവിത്രൻ, അനന്ദ കൃഷ്ണൻ, ഇ പത്മാവതി, ശിവൻ ചൂരിക്കോട് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എ അപ്പൂസ് സ്വാഗതം പറഞ്ഞു.
No comments