Breaking News

യാത്രക്കാരന്റെ പണവും രേഖകളുമടങ്ങിയ പഴ്സും ബാഗുകളും മോഷ്ടിച്ച റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ

കാസർകോട്: യാത്രക്കാരന്റെ പണവും രേഖകളുമടങ്ങിയ പഴ്സും ബാഗുകളും മോഷ്ടിച്ച റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. ബിഹാർ നാരായൺപൂർ സ്വദേശിയും ട്രാക്ക് മാനുമായ സുബോധ് കുമാറാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. നെല്ലിക്കുന്ന് സ്വദേശി അശോക് ഷെട്ടി(48)യുടെ ബാഗുകളും പഴ്സുമാണ് പ്രതി കവർന്നത്. ഈമാസം 18 നാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ വച്ച് കവർച്ച നടന്നത്.

ചണ്ഡീഗഡിൽ നിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന ട്രെയിനിലെ യാത്രക്കാരനായിരുന്നു അശോക്. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിക്ക് കാസർകോട് റെയിവേ സ്റ്റേഷനിൽ ഇറങ്ങിയ ഉടനെയാണ് മോഷണം നടന്നത്. 5900 രൂപയും ആധാറും ഡ്രൈവിങ് ലൈസൻസുമടങ്ങിയ പഴ്സും 2500 രൂപയുടെ പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയബാഗും ഷോൾഡർ ബാഗും പ്ലാറ്റ് ഫോമിൽ വച്ച ഉടനെ ട്രാക്ക് മാൻ അവ മോഷ്ടിക്കുകയായിരുന്നു. അപ്പോൾ തന്നെ അശോക് കാസർകോട് റെയിൽവേ പൊലീസിൽ പരാതി നൽകി. പ്ലാറ്റ്ഫോമിലെ സിസിടിവി ദൃശ്യത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ റജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എംവി പ്രകാശൻ, ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ജ്യോതിഷ്, സിപിഒ അശ്വിൻ ഭാസ്കർ എന്നിവർ ചേർന്നാണ് തിങ്കളാഴ്ച പ്രതിയെ പിടികൂടിയത്. പ്രതിയെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

No comments