കുഴികൾ നിറഞ്ഞ ദുരിതയാത്രയിലൂടെ യാത്രക്കാരെ സ്വാഗതം ചെയ്ത് കണ്ണൂർ-കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുളിങ്ങോം -പാലാവയൽ പാലം
പാലാവയൽ : കണ്ണൂർ-കാസർകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിങ്ങോം -പാലാവയൽ പാലത്തിലെ യാത്ര വാഹനങ്ങൾക്കും യാത്രക്കാർക്കും ദുസ്സഹമാകുന്നു. പാലത്തിലും അനുബന്ധ റോഡിലുമുള്ള കുഴികളാണ് യാത്രാദുരിതത്തിന് കാരണം. കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോമിനെയും കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാലാവയലിനെയും ബന്ധിപ്പിക്കാൻ 1995-ൽ ജനകീയ പങ്കാളിത്തത്തോടെ നിർമിച്ചതാണ് പുളിങ്ങോം-പാലാവയൽ പാലം.
ചെറുപുഴ പഞ്ചായത്തിന്റെ അധീനതയിലാണ് പാലം ഇപ്പോഴുള്ളത്. പുളിങ്ങോം പട്ടണത്തിൽനിന്ന് പാലത്തിലേക്ക് 200 മീറ്റർ ദൂരമുണ്ട്. 200 മീറ്റർ റോഡിലും പാലത്തിന്റെ മുകളിലും ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പാലാവയൽ ടൗൺ മുതൽ പാലംവരെയുള്ള ഭാഗം മഴക്കാലത്തിന് മുൻപ് ടാർചെയ്ത് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ചെറുപുഴ പഞ്ചായത്ത് കരാർ നൽകിയിരുന്നെങ്കിലും പണി നടന്നിട്ടില്ല. ദിവസവും ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാലാവയൽ, തയ്യേനി, മലാങ്കടവ്, ഓടക്കൊല്ലി, അത്തിയടുക്കം, വായികാനം, കൂട്ടക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾക്ക് വാണിജ്യ ആവശ്യങ്ങൾക്ക് പുളിങ്ങോത്തും ആസ്പത്രി ആവശ്യങ്ങൾക്ക് ചെറുപുഴ, പയ്യന്നൂർ, പരിയാരം എന്നിവിടങ്ങളിലും എത്തിച്ചേരാൻ ഈ പാലം കടക്കണം. സമീപ പ്രദേശങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികൾക്ക് പാലാവയൽ സെയ്ന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെത്താൻ ഈ പാലം വഴി സഞ്ചരിക്കണം. റോഡിലെ കുഴിയിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കാൽനടപോലും അസാധ്യമാണ്. ചെറുപുഴ പഞ്ചായത്തിന്റെ അധീനതയിലുള്ള പാലവും റോഡും റീടാർചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
No comments