ട്രെയിനിൽ അധ്യാപകന് നേരെ അക്രമം നടത്തിയ രണ്ട് വിദ്യാർഥികൾക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കാസർകോട്: ട്രെയിനിൽ അധ്യാപകന് നേരെ അക്രമം നടത്തിയ രണ്ട് വിദ്യാർഥികൾക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് പാസഞ്ചർ ട്രെയിനിൽ അക്രമം നടന്നത്. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ അധ്യാപകനായ കെ സജനാ(48)ണ് വിദ്യാർഥികളുടെ അക്രമത്തിനിരയായത്. മഞ്ചേശ്വരത്തുനിന്നും പാസഞ്ചർ ട്രെയിനിൽ കാഞ്ഞങ്ങാട്ടേയ്ക്ക് വരികയായിരുന്നു സജൻ. ട്രെയിൻ കാഞ്ഞങ്ങാട് എത്താറായപ്പോൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം നടന്നു. അധ്യാപകന് സമീപം ഇരിക്കുകയായിരുന്ന ഒരു വിദ്യാർഥിയെ മറ്റു വിദ്യാർഥികൾ പിടിച്ചുവലിച്ചു. വലിക്കിടെ അധ്യാപകന്റെ ദേഹത്ത് സ്പർശിച്ചു. ഇത് ചോദ്യം ചെയ്ത വിരോധത്തിൽ ഒരു വിദ്യാർഥി അധ്യാപകന്റെ മുഖത്തടിക്കുകയായിരുന്നു. ഇടിയിൽ കണ്ണിന് താഴെ പരിക്കേറ്റെന്ന് പരാതിയിൽ പറയുന്നു. ട്രെയിൻ കാഞ്ഞങ്ങാട്ട് എത്തിയപ്പോൾ അക്രമം നടത്തിയ വിദ്യാർഥിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വിദ്യാർഥി എത്തി അധ്യാപകന്റെ കൈവിരലുകൾ പിടിച്ചു തിരിക്കുകയും കഴുത്തിന് പിടിച്ച് നിർത്തുകയും ചെയ്തു. പ്ലാറ്റ്ഫോമിലിറങ്ങിയപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയിൽ പറഞ്ഞു. പരിക്കേറ്റ അധ്യാപകൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. സംഭവത്തിൽ കേസെടുത്ത റെയിൽവേ പൊലീസ് വിദ്യാർഥികളെ കണ്ടെത്താൻ ശ്രമം തുടങ്ങി. എസ്.എച്ച്.ഒ റജികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. ട്രെയിനിൽ നിന്ന് ലഭിച്ച ഒരു വിദ്യാർഥിയുടെ ഐഡി കാർഡ് അധ്യാപകൻ പൊലീസിൽ ഏൽപ്പിച്ചിരുന്നു. തിരിച്ചറിയൽ കാർഡിൽ നിന്ന് പ്രതികളെകുറിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. പാസഞ്ചർ ട്രെയിനിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം പതിവാണെന്ന് യാത്രക്കാർ പറയുന്നു.
No comments