Breaking News

വൊർക്കാടിയിൽ മലിനജലം ഒഴുക്കിവിട്ടു ഫാക്ടറി ഉടമസ്ഥനു 50,000 രൂപ പിഴ ചുമത്തി


കാസർകോട്: വൊർക്കാടിയിൽ മലിനജലം ഒഴുക്കിവിട്ട ഫാക്ടറിക്കെതിരെ നടപടിയുമായി എൻഫോഴ്സ്മെന്റ് സ്ക്വാഡ്. ഫാക്ടറി ഉടമസ്ഥനു 50,000 രൂപ പിഴ ചുമത്തി. പഞ്ചായത്തിലെ രണ്ടാം വാർഡിൽ കെദുമ്പാടിയിൽ ഏതാനും വീടുകളിലെ കിണറുകളിലെ വെള്ളത്തിൽ കളർ വ്യത്യാസം വരുന്നുവെന്നും സമീപത്തുള്ള അരുവിയിലൂടെ കറുത്ത നിറത്തിലുള്ള മലിനജലം ഒഴുകുന്നുവെന്നുമുള്ള വിവരത്തെ തുടർന്നാണ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്ഥലത്ത് എത്തിയത്. മഞ്ചേശ്വരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെദുമ്പാടിയിലെ ഫാക്ടറിയിൽ നിന്നാണ് മലിനജലം പുറത്തേക്കൊഴുക്കുന്നത്. സമീപത്തെ ചെങ്കൽ പണയിലൂടെ ഒഴുക്കിവിട്ട് പരിസര മലിനീകരണത്തിനും മുടിമാർ തോടിലൂടെ പൊസോട്ട് നദിയിലേക്ക് എത്തിച്ചേരുന്നതിനും കാരണമാകുവെന്നാണ് പരാതി. കശുവണ്ടിയിൽ നിന്നും എണ്ണ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണിത്. ഒരു വർഷം മുമ്പാണ് സ്ഥാപനം പ്രവർത്തിച്ചു തുടങ്ങിയത്. സ്ഥാപനത്തിലെ മലിനജല സംസ്കരണത്തിനുള്ള പ്ലാന്റ്, ആവശ്യമായ മോട്ടോറുകൾ സ്ഥാപിച്ച് പ്രവർത്തന ക്ഷമമാക്കിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ നിയമ ലംഘനത്തിന് ഉടമയ്ക്ക് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 50,000 രൂപ പിഴ ചുമത്താൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പ്ലാന്റിൽ നിന്നുള്ള മലിനജലം ഫാക്ടറി പരിസരത്തു തന്നെ സംസ്കരിക്കുന്നതിനും ആവശ്യമെങ്കിൽ ജില്ലാ ഭരണകൂടം മുഖേന സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡുമായി ബന്ധപ്പെട്ട് തുടർനടപടി സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ കെ.വി മുഹമ്മദ് മദനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത്ത് എച്ച്, അസിസ്റ്റന്റ് സെക്രട്ടറി ഐത്തപ്പ നായിക്ക്, ഹെൽത്ത് ഇൻസ്പെക്ടർ ജാസ്മിൻ കെ, ക്ലാർക്ക് ഹരിത ആർ, സ്ക്വാഡ് അംഗം ടി.സി ഷൈലേഷ് എന്നിവർ പങ്കെടുത്തു.

No comments