പുല്ലൂരിലെ പ്രവാസിയുടെ വീട്ടിൽ കവർച്ചാശ്രമം നടത്തിയ സംഭവത്തിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
അമ്പലത്തറ : ഹരിപുരം, പുല്ലൂരിലെ പ്രവാസിയുടെ വീട്ടിൽ കവർച്ചാശ്രമം നടത്തിയ സംഭവത്തിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇൻസ്പെക്ടർ കെ.പി ഷൈനിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് അബുദാബിയിൽ ജോലി ചെയ്യുന്ന പുല്ലൂർ, ദേശീയ പാതയോരത്തെ പി. പത്മനാഭന്റെ വീട്ടിൽ കവർച്ചാശ്രമം നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടു പേർ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് അകത്തു കടന്നത്. ഈ സമയത്ത് പത്മനാഭന്റെ ഭാര്യ സൗദാമിനി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. വീടിന്റെ മുകൾ നിലയിലെ മുറിയിലായിരുന്നു ഇവർ. താഴത്തെ നിലയിലെ വാതിൽ കുത്തിപ്പൊളിക്കുന്ന ശബ്ദം കേട്ട സൗദാമിനി അമ്മയ്ക്കൊപ്പമായിരുന്ന ഭർത്താവ് പത്മനാഭനെ ഫോൺ ചെയ്ത് വിവരമറിയിച്ചു. പത്മനാഭൻ വിവരം നാട്ടിലുള്ള സുഹൃത്തുക്കളെ അറിയിച്ചു. തുടർന്ന് സിപിഎം മധുരമ്പാടി ബ്രാഞ്ച് സെക്രട്ടറി പ്രകാശനും സഹോദരൻ മോഹനനും സ്ഥലത്തെത്തുമ്പോൾ കവർച്ചക്കാർ വീട്ടിനു അകത്തുണ്ടായിരുന്നു. ഇരുവരും വീട്ടിനകത്തേക്ക് കടന്നയുടൻ അപകടം മണത്തറിഞ്ഞ കവർച്ചക്കാർ വീടിന്റെ പിൻഭാഗത്തെ ഗ്രിൽസിന്റെ പൂട്ടു തകർത്തു സമീപത്തെ പറമ്പിലേക്ക് ഓടിരക്ഷപ്പെട്ടു. വീട്ടിൽ നിന്നു കൈക്കലാക്കിയ അരലക്ഷത്തോളം രൂപ മൂല്യം വരുന്ന ദിർഹവും ബാഗും വീട്ടിനകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് എത്തിയ അമ്പലത്തറ പൊലീസും നാട്ടുകാരും മോഷ്ടാക്കൾക്കായി വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കവർച്ചയ്ക്കു പിന്നിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണെന്നാണ് പൊലീസിന്റെ സംശയം. സമയം നേരത്തെ തെരഞ്ഞെടുത്തത് കവർച്ചക്കാർക്കിടയിലുള്ള പുതിയ രീതിയാണെന്നു പൊലീസ് വിലയിരുത്തുന്നു. വാതിൽ തകർക്കുന്ന ശബ്ദം കേട്ട് മുകൾ നിലയിലായിരുന്ന സൗദാമിനി താഴേക്ക് ഇറങ്ങി വരാതിരുന്നത് നല്ലതായെന്ന വിലയിരുത്തലിലാണ് പൊലീസ് സംഘം.
No comments