Breaking News

കോട്ടിക്കുളത്തെ അടച്ചിട്ട വീട്ടിൽ പുരാവസ്തുശേഖരം:  ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ പരിശോധന നടത്തി


ബേക്കൽ : കോട്ടിക്കുളത്ത് അടച്ചിട്ട വീട്ടിലെ പുരാവസ്തുശേഖരം തൃശൂരിൽ നിന്ന് എത്തിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അധികൃതർ പരിശോധന നടത്തി. ആർക്കിയോളജിക്കൽ സൂപ്രണ്ട് വിജയകുമാരൻ നായർ, ഡെപ്യൂട്ടി സൂപ്രണ്ട് ഗംഗ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ കെട്ടിടത്തിൽ പരിശോധന നടത്തിയത്. ആഗസ്റ്റ് 18ന് രാത്രിയാണ് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബേക്കൽ സർക്കിൾ ഇൻസ്പെക്ടർ എംവി ശ്രീദാസിന്റെ നേതൃത്വത്തിൽ കോട്ടിക്കുളത്തെ സ്വകാര്യ ആസ്പത്രിയുടെ പിറകിലുള്ള 2017 മരിച്ചു പോയ മുഹമ്മദ് കുഞ്ഞിയുടെ അടച്ചിട്ട വീട്ടിൽ പരിശോധന നടത്തി പുരാവസ്തുശേഖം കണ്ടെത്തിയത്.

പരിശോധനയിൽ വാളുകളും ഉപയോഗ ശൂന്യമായ പഴയ കാലത്തെ മൂന്ന് തോക്കുകളും കണ്ടെത്തി. പഴയ കാലത്തെ ഉറകളുള്ള വാളുകളും പുരാവസ്തുക്കളുടെ ഗണത്തിൽ പ്പെടുത്താവുന്ന നിരവധി സംഗീത ഉപകരണങ്ങൾ, പാത്രങ്ങൾ ഘട്ടികാരങ്ങൾ, മറ്റു പകരണങ്ങൾ തുടങ്ങിയവ ഈ കെട്ടിടത്തിനുള്ളിൽ ഉണ്ട്. ഇവ വിദഗ്ധമായി പരിശോധിക്കാൻ ഇന്ന് എത്തിയ ഉദ്യോഗസ്ഥ സംഘത്തിന് മാത്രം കഴിയില്ല. കൂടുതൽ ആർക്കിയോളജിക്കൽ സംഘം എത്തിയാൽ മാത്രമേ പരിശോധന മുഴുവനായി പൂർത്തീകരിക്കാൻ പറ്റുകയുള്ളൂ. അതുകൊണ്ട് കൂടുതൽ പരിശോധനകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. വീട്ടിൽ നിലവിൽ താമസക്കാരില്ല.

വീടിനും കെട്ടിടത്തിനും പോലീസ് കാവൽ തുടരും. കെട്ടിട ഉടമയായ മുഹമ്മദ് കുഞ്ഞി വിദ്യാർഥി ആയിരിക്കുമ്പോഴേ പുരാവസ്തു ശേഖരണത്തിൽ കമ്പമുള്ളയാളായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നവർ പറഞ്ഞു. വ്യത്യസ്ത നാണയങ്ങളും വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പ് ശേഖരണവും അന്ന് മുതലേ ശീലമായിരുന്നുവെന്ന് പഴയ സുഹൃത്തുക്കൾ ഓർക്കുന്നു. പ്രവാസിയായ ശേഷം ശേഖരണം വിപുലീകരിക്കുകയായിരുന്നു. നാട്ടിലെത്തിയ ശേഷം ഈ ശേഖരം തന്നെ സന്ദർശിക്കാനെത്തുന്നവരെ കാണിക്കുകയും ഓരോന്നിന്റെ പിന്നാമ്പുറങ്ങൾ വിശദീകരിച്ചു കൊടുക്കുന്ന പതിവുണ്ടായിരുന്നു. മുഹമ്മദ് കുഞ്ഞി മരിച്ചതോടെ ശേഖരം ഉള്ള കെട്ടിടം അടച്ചു. ഭാര്യയും രണ്ടു മക്കളും വിദേശത്താണ് കഴിയുന്നത്.

No comments