Breaking News

ജില്ലയിലെ തെരുവുനായ നിയന്ത്രണത്തിനായി മുളിയാറിലെ എബിസി കേന്ദ്രത്തിൽ വന്ധ്യംകരണം തുടങ്ങി


കാസർകോട് : ജില്ലയിലെ തെരുവുനായ നിയന്ത്രണത്തിനായി മുളിയാറിലെ എബിസി കേന്ദ്രം പ്രവർത്തനം തുടങ്ങി. ആരംഭ പദ്ധതി എന്ന നിലയിൽ മുളിയാർ, പുല്ലൂർ പെരിയ, മധൂർ, മടിക്കൈ എന്നീ പഞ്ചായത്തുകളിലാണ് ആദ്യഘട്ട ഹോട്ട്സ്പോട്ടുകൾ രേഖപ്പെടുത്തിയത്. ഇവിടങ്ങളിലെ വന്ധ്യംകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിയ കേന്ദ്ര സർവകലശാലയിൽ ശനിയാഴ്ച പ്രവർത്തകർ പട്ടി പിടുത്തം ആരംഭിച്ചു. പത്തൊൻപതോളം തെരുവ് നായ്ക്കൾ ക്യാമ്പസിനകത്ത് വിഹാരം നടത്തുന്നുണ്ടെന്ന് അധികൃതരുടെയും വിദ്യാർത്ഥികളുടെയും പരാതിയെ തുടർന്നാണ് ആദ്യഘട്ടമായി സർവകലാശാല തെരഞ്ഞെടുത്തത്. ഇവിടെ നിന്ന് ഒമ്പത് പട്ടികളെ പിടിക്കുകയും വന്ധ്യംകരണത്തിനായി മുളിയാർ മുളിയാർ എബിസി കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തതായി മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ എൻ കെ സന്തോഷ് കുമാർ പറഞ്ഞു.മന്ത്രി ജെ ചിഞ്ചുറാണി എബിസി കേന്ദ്രം മെയ് 19ന് നാടിനു സമർപ്പിച്ചുവെങ്കിലും മൃഗസംരക്ഷണ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രവർത്തനം ആരംഭിച്ചില്ല. ആഗസ്ത് 18ന് കേന്ദ്രം സന്ദർശിച്ച കേന്ദ്ര സംഘം പ്രവർത്തന അനുമതി നൽകി. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ ജില്ലയിലെ ഹോട്ട്സ്പോട്ടുകൾ തെരഞ്ഞെടുക്കുകയും പഞ്ചായത്ത്, മൃഗാശുപത്രി അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ ആലോചന യോഗം ചേരുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ തെരുവുനായ വാക്സിനേഷൻ പരിപാടിയുടെ നിരീക്ഷണ സമിതി ഉണ്ടാക്കി. ജനറൽ അനസ്തേഷ്യ പ്രോട്ടോകോൾ ഉപയോഗിച്ചാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നത്. പെൺപട്ടികളെ അഞ്ചുദിവസവും ആൺ പട്ടികളെ നാല് ദിവസവും ആന്റി ബയോട്ടിക്കുകൾ നൽകി നിരീക്ഷണത്തിൽ വച്ച ശേഷം തിരികെ വിടും. ജില്ലയിലെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വന്ധ്യംകരണ പ്രവർത്തനം.

No comments