കർഷകസ്വരാജ് സത്യാഗ്രഹം.. മലയോരത്തെ സംഘടനകൾ കൈകോർക്കുന്നു.. കർഷകസ്വരാജ് സത്യാഗ്രഹത്തിനായുള്ള പന്തലിൻ്റെ കാൽ നാട്ടുകർമ്മം ക്വിറ്റിന്ത്യാദിനത്തിൽ നടക്കും
വെള്ളരിക്കുണ്ട്: വന്യമൃഗശല്യത്തിന് സുസ്ഥിരമായ ശാസ്ത്രീയ പരിഹാരമാവശ്യപ്പെട്ട് വെള്ളരിക്കുണ്ടിൽ സ്വത്രന്ത്യദിനത്തിൽ തുടക്കം കുറിക്കുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിനായുള്ള പന്തലിൻ്റെ കാൽ നാട്ടുകർമ്മം ക്വിറ്റിന്ത്യാദിനത്തിൽ നടക്കുന്നു. ആദിവാസി ദിനവും വ്യാപാരി ദിനവുമെല്ലാം ഒത്തു ചേർന്നു വരുന്ന ദിവസം തന്നെയാണ് വെള്ളരിക്കുണ്ടിൽ സത്യാഗ്രഹ പന്തലിൻ്റെ കാൽനാട്ടുകർമ്മം മികച്ച ജൈവ കർഷകൻ കൂടിയായ ഗാന്ധിമാർഗ്ഗ പ്രവർത്തകൻ പി.വി. ജയരാജൻ നിർവ്വഹിക്കുന്നത്. അദ്ദേഹം ഉപ്പുസത്യാഗ്രഹത്തിൻ്റെ ചരിത്രമുറങ്ങുന്ന ദണ്ഡി കടപ്പുറത്ത് നിന്ന് ശേഖരിച്ച ഒരു പിടി മണ്ണ് നിക്ഷേപിച്ചു കൊണ്ടാവും സത്യാഗ്രഹ പന്തലിൻ്റെ കാൽനാട്ടുകർമ്മം നിർവ്വഹിക്കുക. തുടർന്ന് വെള്ളരിക്കുണ്ടിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സാമൂഹ്യ
സാംസ്കാരിക സംഘടനാപ്രവർത്തകർ ചേർന്ന് ശ്രമദാനമായി പന്തൽ നിർമ്മാണം പൂർത്തിയാക്കും. കർഷക സ്വരാജ് സത്യാഗ്രഹത്തിൻ്റെ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ വെള്ളരിക്കുണ്ടിലെ വ്യാപാരി വ്യവസായി ഏകോപന സമിതി, വൈ. എം. സി. എ , റബ്ബർ ഉല്പാദക സംഘം, ടൗൺ ക്ലബ്ബ് , സിനിയർ സിറ്റസൺ ഫോറം തുടങ്ങി നിരവധി സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ടൗണിലെ വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളും സമരത്തോടൊപ്പമുണ്ട്. കൂടാതെ വെള്ളരിക്കുണ്ട് മേഖലയിലെ ഇരുപതിലധികം സംഘടനകൾ കർഷകസ്വരാജ് സത്യാഗ്രഹത്തിന് അഭിവാദ്യമർപ്പിച്ച് പ്രചരണ ബോർഡുകൾ സ്ഥാപിക്കാനുള്ള നീക്കങ്ങളും നടന്നു വരികയാണ്. തികച്ചും ജനകീയമായ ഒരു സമരമെന്ന നിലയിൽ മലയോരത്തെ വിവിധ രാഷ്ട്രീയ കക്ഷികളുടെയും സമുദായ സംഘടനകളുടെയും പിന്തുണയും ഇതിനോടകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
No comments