Breaking News

ബസ് സർവീസുകളുടെ അപര്യാപ്തത ; നോക്ക് കുത്തിയായി മലയോര ഹൈവേ.. പുതിയ കെ എസ് ആർ ടി സി ബസ് സർവീസുകൾ ആരംഭിക്കണം എന്നാവശ്യം

ചിറ്റാരിക്കൽ : കോടികൾ മുടക്കി പണിപൂർത്തിയായിട്ടും ചെറുപുഴ - മാലോം - കോളിച്ചാൽ - ബന്തടുക്ക - നന്ദാരപ്പടവ് റോഡിൻ്റെ പ്രയോജനം ജനങ്ങളിൽ എത്തിക്കാൻ സാധിക്കാതെ സർക്കാർ സംവിധാനങ്ങൾ . വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പൂർത്തിയായ സർക്കാർ സ്വപ്ന പദ്ധതിയായ മലയോര ഹൈവേ , ബസ് സർവീസുകളുടെ അപര്യാപ്തത മൂലം ജനോപകാര പ്രദമാകുന്നില്ല. സർക്കാരിന്റെ വികസനം മലയോര ജനതയ്ക്ക് പൂർണ്ണമായി പ്രയോജനകരമാകണമെങ്കിൽ ഈ റൂട്ടിൽ കൂടുതൽ ബസുകൾ ആരംഭിക്കേണ്ടതുണ്ട്. അതിനു മുൻകൈയെടുക്കേണ്ട കെഎസ്ആർടിസിയുടെ നിസംഗതയാണ് ജനരോഷത്തിന് കാരണമാകുന്നത്. ചെറുപുഴ നിന്ന് മലയോര ഗ്രാമങ്ങളുടെ അതിർത്തി പ്രദേശങ്ങളായ പാണത്തൂർ ,ബന്തടുക്ക അടൂർ ,മുള്ളേരിയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഏറെ വേഗത്തിൽ എത്തിച്ചേരാവുന്ന ഈ പാതയെ നിലവിൽ  സ്വകാര്യവാഹനങ്ങൾ മാത്രമാണ് പ്രയോജനപ്പെടുത്തുന്നത്.  കർണാടകയിലെ സുള്ളിയ മൈസൂർ ഭാഗത്തേക്കുള്ള യാത്രയ്ക്ക് സ്വകാര്യ വാഹനങ്ങൾ കോടികൾ മുടക്കി നവീകരിച്ച ഈ പാത ഉപയോഗിക്കുമ്പോൾ കണ്ണൂർ ജില്ലയിൽ നിന്നും വയനാട്ടിൽ നിന്നുമുള്ള കെഎസ്ആർടിസി ബസ്കൾ മലയോര ഹൈവേയുടെ സാധ്യതകൾ പരിഗണിക്കുന്നില്ല എന്ന് മാത്രമല്ല ജനങ്ങൾക്ക് ഏറെ വാഹനങ്ങൾ ലഭ്യമായ മേജർ ജില്ലാ റോഡ് ആയ ചിറ്റാരിക്കാൽ -ഒടയഞ്ചാൽ വഴിയുള്ള ചുറ്റിവളഞ്ഞുള്ള റൂട്ടിനാണ് മുൻഗണന നൽകുന്നത്. ഇത് ഈ പാതയിൽകെഎസ്ആർടിസിക്ക് കളക്ഷൻ കുറയുന്നതിന് കാരണമാണെന്നാണ് ആക്ഷേപം ഉയരുന്നത്. മാത്രമല്ല സ്വകാര്യ ബസുകൾ മലയോര ഹൈവേയിലെ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇരിട്ടിയിൽ നിന്ന് ആരംഭിക്കാനായി അപേക്ഷ നൽകി കാത്തിരിക്കുമ്പോൾ അതിന് ബദലായി അവർക്കു മുമ്പേ കെഎസ്ആർടിസിയുടെ ഇരിട്ടി വഴിയുള്ള പുതിയ സർവീസുകൾ ചില തൽപരകക്ഷികൾക്കായി ആരംഭിക്കുന്നതിനായിട്ടുള്ള നടപടികൾ നടക്കുന്നതായാണ് ജനങ്ങൾ പറയുന്നത്. രാവിലെ 5 മണി മുതൽ ഒന്നിന് പിറകെ ഒന്നായി വെള്ളരിക്കുണ്ട് - ഭീമനടി- നർക്കിലക്കാട് - ചെറുപുഴ റൂട്ടിൽ കെഎസ്ആർടിസി അന്തർജില്ലാ സർവീസുകൾ നടത്തുമ്പോൾ ഏറെ ജനസാന്ദ്രതയുള്ള ചിറ്റാരിക്കാൽ, കാറ്റാൻകവല , പറമ്പ വള്ളിക്കടവ് , മാലോം,കൊന്നക്കാട്, പുങ്ങംചാൽ, പുന്നക്കുന്ന് ,

കാര്യോട്ട്ചാൽ, പുഞ്ച, മരുതോം , ചുള്ളി, കപ്പള്ളി, കള്ളാർ , കോളിച്ചാൽ, മാലക്കല്ല്,  കരുവേടകം, പടുപ്പ്, ബന്തടുക്ക ,  ബളാന്തോട്, പനത്തടി,  പാണത്തൂർ തുടങ്ങിയ മലയോര പട്ടണങ്ങളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഒരൊറ്റ ബസ് സർവീസ് പോലും ആരംഭിക്കുവാൻ കെഎസ്ആർടിസി അധികൃതർ തയ്യാറാകുന്നുമില്ല. പ്രൈവറ്റ് ബസുകളെ നഷ്ടത്തിൽ ആക്കാൻ സർക്കാർ താല്പര്യപ്പെടുന്നില്ല എന്ന് മന്ത്രി പറയുമ്പോഴും സ്വകാര്യ ബസുകളുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന രീതിയിലാണ്  ബസുകൾ ധാരാളമുള്ള വയനാട് വെള്ളരിക്കുണ്ട് റൂട്ടിൽ പുതിയ സർവീസുകൾ ആരംഭിക്കുന്നത്. പൊതു തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന ഈ  കാലഘട്ടത്തിൽ ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി കെഎസ്ആർടിസിയും സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുമെന്നാണ് ജനങ്ങളുടെ വിശ്വാസം. ജനദ്രോഹപരമായ നടപടികൾ ഉദ്യോഗസ്ഥർ നടത്തുമ്പോൾ മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും ഇടപെട്ട് ജനങ്ങൾക്ക് ആവശ്യമായ സർവീസുകൾ മലയോരക്ക ഹൈവേയിൽ കൂടി ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയിരിക്കുകയാണ് ഈ നാട്ടിലെ പാസഞ്ചേഴ്സ് അസോസിയേഷനും മറ്റ് സംഘടനകളും.

No comments