ശോചനീയാവസ്ഥയിലായി പാണത്തൂർ പള്ളിക്കാൽ - കാറോളി റോഡ് ; ദുരിതത്തിലായി യാത്രക്കാർ
പാണത്തൂർ: പള്ളിക്കാൽ - കാറോളി റോഡിന്റെ ശോചനീയാവസ്ഥ കാരണം ദുരിതത്തിൽ ആയിരിക്കുകയാണ് നാട്ടുകാർ. റോഡിന്റെ കുത്തനെയുള്ള ഇറക്കവും ചളിയും കുഴിയും കാരണം ഏത് സമയവും വാഹനങ്ങൾ അപകടത്തിൽ പെടുമെന്ന അവസ്ഥയാണ്. പ്രത്യേകിച്ച് വൃദ്ധരും കുട്ടികളും ക്യാൻസർ, കിഡ്നി രോഗം തുടങ്ങി മാരകമായ അസുഖബാധിതർ ഉൾപ്പെടുന്ന പ്രദേശം കൂടിയാണ് ഇത്. പള്ളിക്കാലിലുള്ള വിദ്യാർത്ഥികൾ ചിറങ്കടവ് ഗവൺമെന്റ് സ്കൂളിലേക്കും പോകുന്നതും കാറോളി ഭാഗത്തുള്ള കുട്ടികൾ പള്ളിക്കാലിലുള്ള മദ്രസയിലേക്ക് പോകുന്നതും ഇതേ റോഡിലൂടെയാണ്. മഴക്കാലം തുടങ്ങിയതോടെ റോഡുകളിൽ നിറയെ കുഴികളും വെള്ളക്കെട്ടുകളുമായി. ഇതേത്തുടർന്ന് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ദുരിതമായിരിക്കുകയാണ്.
പഞ്ചായത്ത് കോൺക്രീറ്റ് ചെയ്ത് തരുമെന്ന് പ്രതീക്ഷയിൽ ഈയടുത്ത് നാട്ടുകാർ പിരിവെടുത്ത് റോഡ് അല്പം ലെവൽ ചെയ്തിരുന്നു. മഴപെയ്തതോടെ പഴയ അവസ്ഥയിലാവുകയും ചെയ്തു. പഞ്ചായത്തിന്റെ കോൺക്രീറ്റ് നടപ്പാവാതിരിക്കുകയും ചെയ്തു . അധികൃതരുടെ അനാസ്ഥയാണ് ഈ ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം അനേകം അപകടങ്ങളാണ് നടന്നത്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ കുഴികൾ തിരിച്ചറിയാനാവാതെ യാത്രക്കാർ കൂടുതൽ അപകടത്തിൽപ്പെടുന്നുണ്ട്. കാൽ നട യാത്രക്കാർക്ക് റോഡിന്റെ ഓരം ചേർന്ന് നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ് നിലവിൽ. ഇപ്പോൾ അറ്റ കുറ്റപ്പണികൾക്കായി ഫണ്ട് അനുവദിച്ചിട്ടും പണികൾ കൃത്യ സമയത്ത് തുടങ്ങാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ നിലപാടിൽ ശക്തമായ പ്രതിഷേധമുണ്ട്. എത്രയും വേഗം റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യാത്രാദുരിതത്തിന് അറുതി വരുത്തണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.
No comments