Breaking News

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ... ചിത്താരി സബ് എഞ്ചിനീയർ സുരേന്ദ്രനാണ് പിടിയിലായത്


കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. ചിത്താരി സബ് എഞ്ചിനീയർ സുരേന്ദ്രനാണ് പിടിയിലായത്. വീടിന്റെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കുന്നതിന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. കാസർകോട് വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലി പിടികൂടിയത്.  പൂച്ചക്കാട് സ്വദേശി ആണ് പരാതിക്കാരൻ. ഇദ്ദേഹം മുക്കൂട് പുതിയതായി പണികഴിപ്പിച്ച വീടിന്റെ താൽകാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷൻ ആക്കുന്നതിനായി ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകിയത്. ഇതേതുടർന്ന് സുരേന്ദ്രൻ സ്ഥലത്തെത്തി പരിശോധന നടത്തി, നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ തുകയ്ക്ക് പുറമേ മൂവായിരം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരൻ ഈ വിവരം വിജിലൻസിൽ അറിയിച്ചു. വിജിലൻസ് ഡിവൈഎസ്പിക്ക് പരാതി ലഭിച്ചതോടെ ഉദ്യോഗസ്ഥൻ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരെ ചിത്താരിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസിന് മുന്നിൽവച്ച് ഇയാൾ കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലായത്. ഇയാളെ ശനിയാഴ്ച രാവിലെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

No comments