ജില്ലയിലെ കവുങ്ങ് കർഷകരെ ആശങ്കയിലാക്കി മഹാളി രോഗവും മണ്ടചീയലും വ്യാപകമാകുന്നു
നീലേശ്വരം : ജില്ലയിലെ കവുങ്ങ് കർഷകരെ ആശങ്കയിലാക്കി മഹാളി രോഗവും തുടർന്നുണ്ടാകുന്ന മണ്ട ചീയലും വ്യാപകമാകുന്നു. ഇത്തവണത്തെ കനത്ത മഴയാണ് രോഗവ്യാപനത്തിന് പ്രധാന കാരണം. കാലവർഷത്തിനുമുന്നോടിയായിട്ടുള്ള പ്രതിരോധകുമിൾ നാശിനി പ്രയോഗം സാധ്യമാകാത്തതും രോഗ തീവ്രത കൂട്ടി. രോഗം ബാധിച്ച കവുങ്ങുകളുടെ പൂങ്കുലകളും പാകമാകാത്ത കായ്കളും കൂട്ടമായി കൊഴിയുന്നു. കായ്കളിലും പൂങ്കുലകളിലും വെളുത്ത പാടുകൾ പ്രത്യക്ഷപ്പെട്ട് ക്രമേണ അഴുകി നശിക്കുന്നു. 'ഫൈറ്റോഫ്ലോറ' കുമിളാണ് രോഗത്തിന് കാരണം. കൂടാതെ മഴക്കാലത്തിന്റെ അവസാന നാളുകളിൽ പൂങ്കുലകളിൽനിന്നും കുമിൾ, ഇലകളുടെ പാള ഒട്ടിനിൽക്കുന്ന തടിയിലേക്കു പ്രവേശിച്ച് മണ്ട ചീയുന്നതും കണ്ടുവരുന്നു. ഇത് പകർച്ചവ്യാധി പോലെ ഒരുമരത്തിൽ നിന്ന് മറ്റ് മരങ്ങളിലേക്കും സമീപ തോട്ടങ്ങളിലേക്കും അതിവേഗം വ്യാപിക്കുന്നു.തളിക്കണം ബോർഡോ മിശ്രിതം ഒരുശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തെളിക്കുന്നത് രോഗം നിയന്ത്രിക്കാൻ ഫലപ്രദമാണ്. രോഗം ബാധിച്ചവ നശിപ്പിക്കുക, കൃഷിയിടത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുക, കൊഴിഞ്ഞുപോയ കായ്കളും പൂങ്കുലകളും ശേഖരിച്ച് കത്തിക്കുന്നതും രോഗവ്യാപനം തടയുന്നതിന് ഉപകരിക്കും. മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥയിൽ മാത്രമേ മരുന്ന് തളിക്കാവൂ. രോഗബാധയുള്ള തോട്ടങ്ങളിൽ പൊട്ടാസ്യം ഫോസ്ഫൊണേറ്റ് 50 എസ്സി (അഞ്ച് മില്ലിഒരുലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ മെറ്റാലാക്സിൽ പ്ലസ്, മാംഗോസെബ് 80 ഡബ്ല്യു പി (2ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) തളിക്കുക. രോഗ തീവ്രത കൂടുതലാണെങ്കിൽ 15 ദിവസത്തിനു ശേഷം ഇത് ആവർത്തിക്കാം. രണ്ടാഴ്ചയ്ക്കുശേഷം മാംഗോസൈബ് 80 ഡബ്ല്യു പി (രണ്ടുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ മാൻഡിപാപമൈഡ് 23.4 എസ് സി 1മില്ലി ഒരു ലിറ്റർ വെള്ളത്തിൽ) തളിക്കാം. കൂടാതെ മണ്ണിന്റെ പുളിരസം കുറയ്ക്കാൻ കുമ്മായമോ ഡോളോമൈറ്റോ ചേർത്തുകൊടുക്കണമെന്നും പൊട്ടാഷ് വളങ്ങൾ അധികമായി നൽകണമെന്നും കാർഷിക കോളേജ് പ്ലാന്റ് പാത്തോളജി വിഭാഗം അസി. പ്രൊഫസർ ഡോ. പി കെ സജീഷ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി പടന്നക്കാട് കാർഷിക കോളേജുമായി ബന്ധപ്പെടാമെന്ന് കാർഷിക കോളേജ് ഡീൻ ഡോ.ടി സജിതാറാണി അറിയിച്ചു.
No comments