Breaking News

കുതിച്ചെത്തിയ ഇന്നോവ നിർത്തിട്ട ഫോർച്യൂണറിലിടിച്ച് കടയ്ക്കുള്ളിലേക്ക് കയറ്റി, നിർത്താതെ പോയ കാർ പിന്തുടർന്ന് പിടിച്ച് നാട്ടുകാർ, പൊലീസിലേൽപ്പിച്ചു


തിരുവനന്തപുരം: തടി ഗോഡൗണില്‍ നിന്നു പുറത്തേക്ക് ഇറക്കിയ ഫോർച്യൂണർ കാറിലേക്ക് നിയന്ത്രണം വിട്ടെത്തിയ ഇന്നോവ ഇടിച്ചു. വൈകുന്നേരം അഞ്ചുമണിയോടെ വെള്ളറട ചൂണ്ടിക്കലിന് സമീപമായിരുന്നു സംഭവം. നിർത്താതെ പോയ വാഹനം നാട്ടുകാർ ചേർന്ന് മറ്റു വാഹനങ്ങളില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തടി ഗോഡൗണ്‍ സ്ഥാപന ഉടമ രാജേഷ് കാറില്‍ പുറത്തേക്ക് ഇറക്കുന്ന സമയത്താണ് പനച്ചമൂട്ടില്‍ നിന്നും വെള്ളറടയിലേക്ക് വരികയായിരുന്ന ഇന്നോവ കാര്‍ അതിവേഗത്തിൽ എത്തിയത്. ഇതോടെ തന്‍റെ വാഹനം സൈഡിലേക്ക് മാറ്റി‌ ചവിട്ടി നിറുത്തി.

എന്നാൽ നിയന്ത്രണം വിട്ടെത്തിയ ഇന്നോവ ഫോര്‍റ്റൂണറിനെയും ഇടിച്ച് കടയ്ക്കുള്ളില്‍ കയറ്റി നിറുത്താതെ പോകുകയായിരുന്നു. കടയ്ക്കുള്ളിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ തകര്‍ന്നതിനൊപ്പം കാറിനും കേടുപാടുണ്ടായി. അപകടം സൃഷ്ടിച്ചശേഷം നിര്‍ത്താതെ ഓടിച്ചു പോയ കാറിനെ പ്രദേശവാസികള്‍ മറ്റു വാഹനങ്ങളില്‍ പിന്തുടര്‍ന്ന് അഞ്ചു മരംകാലയ്ക്ക് സമീപത്ത് വെച്ച് പിടികൂടി. നാട്ടുകാരുമായും ചെറിയ തർക്കമുണ്ടായതോടെ പിന്നാലെ വെള്ളറട പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.

പ്രദേശത്ത് തിരക്ക് കുറവായ സമയമായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള സാധനസാമഗ്രികള്‍ക്കും കമ്പ്യൂട്ടര്‍ അടക്കം കേടുപാട് സംഭവിച്ചിട്ടുണ്ട്. കാറിനും കടയ്ക്കും ലക്ഷം രൂപയില്‍ അധികം നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. കാറിലുണ്ടായിരുന്നവർ മദ്യപിച്ചാണെത്തിയതെന്നും വാഹനം നിറുത്തിയതോടെ ഇവർ മദ്യലഹരിയിലാണ് സംസാരിച്ചതെന്നും നാട്ടുകാർ പറഞ്ഞു

No comments