Breaking News

അവശതകളെ അക്ഷരങ്ങൾ കൊണ്ട് അതിജീവിച്ച് അത്തിക്കടവിലെ രാഘവേട്ടൻ


ബളാൽ : അസുഖം ഏൽപ്പിച്ച ശാരീരിക അവശതകളെ പുസ്തക വായനയിലൂടെ അതിജീവിച്ച് പുതിയ ജീവിതം കെട്ടിപ്പെടുക്കുകയാണ് ബളാൽ അത്തിക്കടവിലെ എഴുപതുകാരനായ കരിച്ചേരി രാഘവൻ നായർ. ചെറുപ്പം മുതൽ പുസ്തക വായന ഹരമാക്കിയ രാഘവൻ ഈ എഴുപതാം വയസിലും വായന ജീവിത ചര്യയായി കൊണ്ടുനടക്കുകയാണ്. പുസ്തകങ്ങൾ വായിക്കുമ്പോൾ തൻ്റെ ശാരീരിക അവശതകൾ മറന്ന് മനസ്സിനും ശരീരത്തിനും വലിയ ആശ്വാസം ലഭിക്കാറുണ്ടെന്ന് രാഘവൻ നായർ പറയുന്നു. വെള്ളരിക്കുണ്ട് സഹൃദയ വായനശാലയിൽ നിന്നാണ് വായിക്കാനുള്ള പുസ്തകങ്ങൾ എടുക്കുന്നത്. രാഘവൻ നായർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് മകൾ ശ്രീവിദ്യയാണ് വെള്ളരിക്കുണ്ട് സഹൃദയ വായനശാലയിൽ എത്തി പുസ്തകങ്ങൾ ശേഖരിക്കുന്നത്. അച്ഛൻ്റെ വായനാ സ്നേഹം മനസിലാക്കി മകൻ രാജീവൻ്റെ പേരിലാണ് വായനശാലയിൽ അംഗത്വം എടുത്തിട്ടുള്ളത്. അത്തിക്കടവിൽ നിന്നും മറ്റ് ടൗണുകളിലേക്ക് വാഹന സൗകര്യം കുറവായതിനാൽ മാസം തോറും വായനശാലയിൽ എത്തി ഒന്നിച്ചാണ് ശ്രീവിദ്യ പുസ്തകങ്ങൾ എടുക്കാറുള്ളത്. രാഘവൻ നായരുടെ വീട്ടിൽ കൊച്ചുമക്കൾ ഉൾപ്പെടെ എല്ലാവരും വായനക്കാരാണ്. ആളുകൾ മൊബൈൽ ഫോണുകൾക്ക് മുന്നിൽ അടിമപ്പെടുന്ന പുതിയ കാലത്ത് ഒരു കുടുംബം മുഴുവൻ വായനയിൽ ആനനം കണ്ടെത്തുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. പ്രായം തളർത്താത്ത രാഘവേട്ടൻ്റെ വായനയ്ക്ക് പ്രചോദനമായി വെള്ളരിക്കുണ്ട് സഹൃദയ വായനശാലാ പ്രവർത്തകർ രാഘവേട്ടൻ്റ വീട്ടിൽ എത്തി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഏ.ആർ വിജയകുമാർ വായനശാലക്ക് വേണ്ടി ആദരം സമർപ്പിച്ചു. വായനശാല പ്രസിഡന്റ് ബി വി രവീന്ദ്രൻ, ചന്ദ്രു വെള്ളരിക്കുണ്ട്, രജനി മുരളി എന്നിവർ സംബന്ധിച്ചു.

No comments