നാലാംമൈലിൽ പൊലീസുകാരൻ ടിപ്പർ ലോറിയിടിച്ച് മരിച്ചത് എംഡിഎംഎ കേസിലെ പ്രതിയായ ഡോക്ടറെ തേടിപ്പോകുന്നതിനിടയിൽ; ടിപ്പർ ലോറി ഡ്രൈവർക്കെതിരെ കേസ്
കാസർകോട് : ചെങ്കള, നാലാംമൈലിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ പൊലീസുകാരൻ മരണപ്പെട്ടത് മയക്കുമരുന്നു കേസിൽ രക്ഷപ്പെട്ട പ്രതിയായ ഡോക്ടറെ അന്വേഷിച്ചു പോകുന്നതിനിടയിൽ. അപകട മരണം പൊലീസ് സേനയെയും നാട്ടുകാരെയും കുടുംബത്തെയും തീരാദുഃഖത്തിലാഴ്ത്തി.
ബേക്കൽ ഡിവൈ.എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡ് അംഗമായ ചെറുവത്തൂർ, മയ്യിച്ച സ്വദേശി കെ.കെ സജീഷ് (40) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ സുഭാഷ് ചന്ദ്രനും അപകടത്തിൽ പരിക്കേറ്റു.
വെള്ളിയാഴ്ച പുലർച്ചെ 2.45 മണിക്ക് നാലാംമൈലിൽ വച്ച് പൊലീസുകാർ സഞ്ചരിച്ചിരുന്ന കാറിൽ ടിപ്പർ ലോറിയിടിച്ചാണ് അപകടം. ഇരുവരെയും ഉടൻ ഇ.കെ നയനാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സജീഷിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
No comments