Breaking News

കണ്ണൂർ കടപ്പുറത്ത് നിന്നും വല കൊണ്ടുവന്നു ഇരുമ്പ് വേലിക്ക് മുകളിൽ കെട്ടിയിട്ടും രക്ഷയില്ല അവസാനം വെള്ളരിക്കുണ്ട് കൂളിപ്പാറയിലെ ജോസഫിന്റെ കപ്പക്കൃഷിയും പന്നിക്കൂട്ടം നശിപ്പിച്ചു


വെള്ളരിക്കുണ്ട് : കണ്ണൂർ കടപ്പുറത്ത് നിന്നും വല കൊണ്ടുവന്നു കെട്ടിയിട്ടും രക്ഷയില്ല... ജോസഫ് ചേട്ടൻ കാത്തു പരിപാലിച്ച കപ്പകൃഷി പന്നി ക്കൂട്ടം നശിപ്പിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് പത്താം വാർഡ് വെള്ളരിക്കുണ്ട് സ്വദേശിയായ കാരിക്കാത്തട്ട് കെ ജെ ജോസഫിന്റെ (56) ന്റെ കൂളിപ്പറയിലെ കൃഷിസ്ഥലത്ത് ജൈവ കാർഷിക രീതിയിൽ മികച്ച കപ്പ തണ്ട് ഉപയോഗിച്ച് നട്ടുവളർത്തിയ 300 റോളം കപ്പമൂടാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. ഏകദേശം ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പതിവുപോലെ രാവിലെ കൃഷിസ്ഥലത്തെത്തിയ ജോസഫ് ന്റെ നെഞ്ച് തകർക്കുന്ന കാഴ്ചയാണ്‌ കണ്ടത്. 2 വർഷം നല്ല രീതിയിൽ വിളവ് കിട്ടിയിരുന്നെന്നും പക്ഷെ ഇത്തവണ വിളവ് പന്നികൾ കൊണ്ടുപോയെന്നും ജോസഫ് പറഞ്ഞു. കൃഷികൾ പന്നികൾ നശിപ്പിക്കാതിരിക്കാൻ കണ്ണൂർ കടപ്പുറത്ത് പോയി മത്സ്യതൊഴിലാളികൾ ഉപേക്ഷിക്കുന്ന വലകൾ വിലകൊടുത്തു ശേഖരിച്ചു പുറമെ വൻ തുക മുടക്കി ഇരുമ്പ് വേലികൾ വരെ തീർത്താണ് കഴിഞ്ഞ രണ്ട് വർഷം വിളകൾ സംരക്ഷിച്ചത്. ബാങ്കിൽ നിന്നും ലോൺ ഇറക്കിയാണ് ഇത്തവണ കൃഷി ഇറക്കിയത് ഇനി ലോൺ എങ്ങനെ തിരിച്ചടക്കും എന്ന ആധിയിലാണ് ഈ കർഷകൻ.  വെള്ളരിക്കുണ്ട് ടൗണിലെ ഓട്ടോ റിക്ഷ ഡ്രൈവർ കൂടിയായ ഇദ്ദേഹം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ് കാർഷികവൃത്തിയിലേക്ക് കൂടി തിരിഞ്ഞത്. ജൈവരീതിയിൽ കൃഷി ചെയ്യാൻ ഒരു കുള്ളൻ പശുവിനെയും ഈയിടെ ഇദ്ദേഹം വാങ്ങിയിരുന്നു. മുന്നോട്ടുള്ള കൃഷിക്കായി പഞ്ചായതത്തിന്റെയും കൃഷി വകുപ്പിന്റെയും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കർഷകൻ. കൂടാതെ മലയോരത്ത് വർധിച്ചു വരുന്ന കൃഷി നശിപ്പിക്കുന്ന വന്യജീവികളുടെ ശല്യം തടയാൻ അധികൃതർ മുന്നിട്ടിറങ്ങണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം

No comments