Breaking News

കാട്ടുപന്നിയെ വേട്ടയാടിയതിന് അറസ്റ്റ്; ജാമ്യത്തിൽ ഇറങ്ങിയ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പ്രതിഷേധം


തൃശൂര്‍: കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്തി എന്ന കേസിൽ ഫോറസ്റ്റ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ ഇറങ്ങിയ യുവാവിനെ വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുനെയാണ് (30) ഇന്ന് രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിഥുൻ ഉൾപ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച ജാമ്യത്തിൽ ഇറങ്ങിയ മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. വെള്ളിയാഴ്ച രാവിലെ മിഥുനെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരക്കോട് സെന്‍ററിൽ ഓട്ടോഡ്രൈവർ ആയിരുന്നു മിഥുൻ. സംഭവത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തഹസിൽദാർ സ്ഥലത്തെത്തിയിട്ട് മൃതദേഹം ഇറക്കിയാൽ മതിയെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി.

No comments