Breaking News

ലോകത്തിന് മുന്നില്‍ കേരളം അവതരിപ്പിക്കുന്ന മാതൃകാപ്രസ്ഥാനമാണ് ഐഐപിഡി: അടൂര്‍ ഗോപാലകൃഷ്ണന്‍

കാസർകോട് : ലോകത്തിന് മുന്നിൽ നമ്മുടെ നാട് അവതരിപ്പിക്കുന്ന ഒരു മാതൃക പ്രസ്ഥാനമാണ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസെന്ന് (ഐഐപിഡി) സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിന്റെ (ഡിഎസി) നേതൃത്വത്തിൽ കാസർകോട് നിർമിക്കുന്ന ഐഐപിഡിയുടെ നിർമ്മാണോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ ടി പത്മനാഭൻ, ഡിഎസി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് എന്നിവരും പങ്കെടുത്തു. ലാൻഡ് വാങ്ങാൻ സംഭാവന ചെയ്ത അന്തരിച്ച പ്രൊഫ. എം.കെ ലൂക്കയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഐഐപിഡിയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഊരാളുങ്കൽ സൊസൈറ്റിയാണ്. എഗ്രിമെന്റും ആദ്യഗഡുവും മുതുകാട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്ക് കൈമാറി. ഡിഎസി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ അദ്ധ്യക്ഷത വഹിച്ചു. ഡബ്ല്യുഎച്ച്ഒ ഇന്ത്യൻ നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ. മുഹമ്മദ് അഷീൽ പദ്ധതി വിശദീകരണം നടത്തി. കാസർകോട്ജില്ലാ പഞ്ചായത്ത് പ്രസിന്റ് ബേബി ബാലകൃഷ്ണൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, ദാമോദർ ആർക്കിടെക്ട് സിഇഒ കെ ദാമോദരൻ, മനോജ് ഒറ്റപ്പാലം, തങ്കമ്മ, ശശീന്ദ്രൻ മടിക്കൈ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം ഡിഎസിയുടെ മാതൃകയിൽ അന്തർദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങൾ, അത്യാധുനിക തെറാപ്പി സൗകര്യങ്ങൾ, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, ട്രയിനിംഗ് സെന്ററുകൾ തുടങ്ങി വിപുലീകരിച്ച സംവിധാനങ്ങൾ കാസർഗോഡ് ഐഐപിഡിയിൽ ഉണ്ടാകും.

100 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ 2026ൽ പൂർത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. 2029ഓടുകൂടി പദ്ധതി പൂർണമായും പ്രവർത്തന സജ്ജമാകും. പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനമായി ഐഐപിഡി മാറും. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 1000 ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന രീതിയിലാണ് ക്യാമ്പസ് ക്രമീകരിച്ചിരിക്കുന്നത്.

No comments