ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ള മാളൂർകയം സുരേഷ് ചികിത്സ സഹായ സമിതി രൂപീകരിച്ചു
കാസർഗോഡ് : ജില്ലയിൽ , വെള്ളരിക്കുണ്ട് താലൂക്കിൽ, കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്, എട്ടാം വാർഡ് പരിധിയിൽ മാളൂർ കയം പട്ടികവർഗ്ഗ ഉന്നതിയിൽ കുടുംബസമേതം താമസിക്കുന്ന രാജൻ സുശീല ദമ്പതികളുടെ മകൻ ശ്രീ. സുരേഷ് കെ എന്ന 28 കാരൻ ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് മാസങ്ങളേറെയായി ചികിത്സയിലാണ്. ഡയാലിസിസിന്റെ സഹായത്തോടെയാണ് സുരേഷ് കഴിഞ്ഞുവരുന്നത് .
ദരിദ്രകുടുംബാംഗ ങ്ങളായ രാജൻ സുശീല ദമ്പതികൾ ഏതാണ്ട് 5 ലക്ഷത്തോളം രൂപ ഇതിനകം ചെലവിട്ടു. ചെറുതും വലുതുമായ നാടിന്റെ കൂട്ടായ്മകൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇതിനകം കഴിയാവുന്ന നിലയിലുള്ള പ്രാഥമിക സാമ്പത്തിക സഹായങ്ങൾ നൽകി.
സുരേഷിനെ രക്ഷപ്പെടുത്തുന്നതിനുള്ള ചികിത്സയ്ക്കായി 40 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ സൂചിപ്പിച്ചിരിക്കുന്നത്
ഈ സാഹചര്യത്തി ലാണ് ആഗസ്റ്റ് 19ന് വിപുലമായ ചികിത്സാ സഹായ കമ്മിറ്റി രൂപീകരണ യോഗം വിളിച്ചു ചേർത്തത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും, എല്ലാ ഉന്നതികളിൽ നിന്നും നല്ല പങ്കാളിത്തമാണ് യോഗത്തിൽ ഉണ്ടായിരുന്നത്. കൂടാതെ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ- സാംസ്കാരിക -സന്നദ്ധ മേഖലകളിലെയും, കുടുംബശ്രീയിലെയും പ്രതിനിധികൾ തുടങ്ങി എല്ലാ വിഭാഗം ആളുകളും യോഗത്തിൽ പങ്കെടുത്തു.
വൈവിധ്യ മനസ്സോടുകൂടിയവർ ഒത്തുചേർന്ന് ഒറ്റ തീരുമാനം മാത്രമാണ് കൈക്കൊണ്ടത് - സുരേഷിനെ പൂർവാധികം ആരോഗ്യവാനായി തിരികെ കൊണ്ടുവരിക, അതിന്,ആവശ്യമായ ലക്ഷക്കണക്കിന് തുക ഏതു വിധേനയും സമാഹരിക്കുക.
വാർഡ് മെമ്പർ കെ. രമ്യയുടെ അധ്യക്ഷതയിൽ കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എച്ച് അബ്ദുൾനാസർ സുരേഷ് ചികിത്സ സഹായ സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർ എം ബി രാഘവൻ, എ ആർ രാജു, വി ബാലകൃഷ്ണൻ , സിജോ ജോസഫ് , പ്രമോദ് വർണ്ണം, കെ പി ബാലകൃഷ്ണൻ, നീതി. ടി, സ്വർണലത. ടി, കുഞ്ഞി കൃഷ്ണൻ മാളൂർകയം, വി സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. എസ് ടി പ്രമോട്ടർ സതീഷ് എം സ്വാഗതം പറഞ്ഞു .
രമ്യ ഹരീഷ് - ചെയർമാൻ. വി ബാലകൃ ഷ്ണൻ ജനറൽ കൺവീനർ എന്നിവർ ഭാരവാഹികളായി 101 അംഗങ്ങളടങ്ങിയ സുരേഷ് ചികിത്സ സഹായ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. കേരള ഗ്രാമീൺ ബാങ്ക് പരപ്പ ശാഖയിൽ അക്കൗണ്ട് നമ്പർ: 40 43 81 0 1 0 6 17 61, IFSC കോഡ്: KLG B0040438 ലോ ചുവടെ ചേർക്കുന്ന ക്യൂ ആർ കോഡിലോ ഉദാരമദികൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
No comments