വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം ; അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹം കത്തി പടരുന്നു .. ഉത്തരേന്ത്യൻ കർഷക നേതാക്കൾ വെള്ളരിക്കുണ്ടിലേക്ക്
വെള്ളരിക്കുണ്ട്: വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി വെള്ളരിക്കുണ്ടിൽ സ്വാതന്ത്രദിനത്തിലാരംഭിച്ച അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹം ഒരു മാസം പിന്നിടുമ്പോൾ ദേശീയ ശ്രദ്ധയിലേക്ക് വരികയാണ്. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള കർഷക നേതാക്കൾ പങ്കെടുക്കുന്ന വിപുലമായ സംസ്ഥാനതല ഐക്യദാർഡ്യ സമ്മേളനം വെള്ളരിക്കുണ്ടിൽ സെപ്റ്റമ്പർ 26 ന് നടക്കുന്നു. രാവിലെ 10 മുതൽ 4 മണി വരെ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നെത്തുന്ന വിവിധ കർഷക സംഘടനകളുടെയും പൗര സമൂഹ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികൾ കർഷകസ്വരാജ് സത്യാഗ്രഹംസംസ്ഥാന തലത്തിൽ വ്യാപിപ്പിക്കുന്നതു സംബന്ധിച്ച ചർച്ച നടത്തും. തുടർന്ന് വെള്ളരിക്കുണ്ട് ടൗണിലെ പ്രകടനത്തിനു ശേഷം പൊതുസമ്മേളനം നടക്കും. കർഷകസ്വരാജ് സത്യാഗ്രഹ ഐക്യദാർഢ്യ സമിതി ചെയർമാൻ കെ. അഹമ്മദ് ഷെരീഫിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ഹരിയാനയിലെ ഭാരതീയ കിസാൻ ഏകതാ പ്രസിഡൻ്റ് ലഖ് വിന്ദർ സിംഗ് ഔലാഖ്, പഞ്ചാബിലെ കിസാൻ സംഘർഷ് സമിതി പ്രസിഡൻ്റ് ഇന്ദ്രജിത് സിംഗ് കോട്ബുഡ , പഞ്ചാബ് കിസാൻ മസ്ദൂർ യൂണിയൻ പ്രസിഡൻ്റ് സുഖ്ജിത് സിംഗ് ഹർദോചന്ദേ, തമിഴ്നാട് ഫാർമേഴ്സ് ഓർഗനൈസേഷൻ കോർഡിനേഷൻ കമ്മിറ്റി പ്രസിഡൻ്റ് പി.ആർ. പാണ്ഡ്യൻ തുടങ്ങിയവർ പ്രസംഗിക്കും.
കർഷകസ്വരാജ് സത്യാഗ്രഹത്തിന് ജനകീയ പിന്തുണ ശക്തമാക്കുന്നതിനായി പ്രാദേശികമായി സത്യാഗ്രഹ സഹായ സമിതികൾ രൂപീകരിച്ചു വരികയാണ്. ഇക്കഴിഞ ദിവസം ചിറ്റാരിക്കാലിൽ ആണ് ആദ്യത്തെ പ്രാദേശിക സമരസഹായ സമിതി രൂപീകരണം നടന്നത്. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജോസ് മുത്തോലി ചെയർമാനും തോമസ് പാറശ്ശേരി കൺവീനറുമായി മുപ്പതംഗ സമിതിക്കു് യോഗം രൂപം കൊടുത്തു. 18 ന് വ്യാഴം ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബ് ഹാളിലും വൈകിട്ട് 5 മണിക്ക് മാലോം സാംസ്കാരിക നിലയത്തിലും സമരസഹായ സമിതി രൂപീകരണ യോഗം നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് പ്രദേശങ്ങളിലും സമര സഹായ സമിതി രൂപീകരണ യോഗങ്ങൾ നടക്കും.
No comments