വെള്ളരിക്കുണ്ട് താലൂക്കിൽ ലാൻഡ് ബാങ്ക് പദ്ധതിയിപെട്ട 77 കുടുംബങ്ങൾക്കും ഭൂമി വിലക്കുവാങ്ങി പതിച്ചുനൽകി
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്കിൽ സംസ്ഥാന സർക്കാരിന്റെ ലാൻഡ് ബാങ്ക് പദ്ധതിയിപെട്ട 77 കുടുംബങ്ങൾക്കും ഭൂമി വിലക്കുവാങ്ങി പതിച്ചുനൽകി. ബളാൽ പഞ്ചായത്തിൽ 32, കള്ളാർ 26, കോടോം ബേളൂർ എട്ട്, വെസ്റ്റ് എളേരി ഏഴ്, പനത്തടി രണ്ട്, ഈസ്റ്റ് എളേരി രണ്ട് എന്നിങ്ങനെ 77 ഭൂരഹിതരാണ് ഭൂമിയുടെ ഉടമകളായത്. ഇവർക്കായി മാലോം വില്ലേജിൽ ദേവഗിരിയിൽ 7:16 ഏക്കർ, പാമത്തട്ടിൽ രണ്ടിടത്തായി 6.39 ഏക്കർ, കോടോം ബേളൂർ വില്ലേജിൽ ലാലൂരിൽ 6.5 ഏക്കർ എന്നിങ്ങനെയാണ് സ്ഥലം വിലക്കെടുത്തത്. ഒരാൾക്ക് 25 സെന്റ് വീതം കൃഷി സ്ഥലമാണ് അളന്ന് നൽകിയത്. ഇതിന് 2,19,93,170 രൂപയാണ് സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുവദിച്ചത്. 77 പേർക്ക് അളന്നു നൽകിയ 19.25 ഏക്കർ സ്ഥലം ഒഴിച്ച് ബാക്കി ഭൂമിയിൽ നിന്ന് ഓരോ സ്ഥലത്തേക്കും അഞ്ച് മീറ്റർ വീതിയിൽ റോഡിനുള്ള സ്ഥലവും കൂടാതെ കുടിവെള്ളം, കമ്യൂണിറ്റി ഹാൾ എന്നിവയ്ക്ക് ഉൾപ്പെടെ ആവശ്യമായ സ്ഥലവും അളന്നുമാറ്റിയിട്ടിട്ടുണ്ട്. വാസയോഗ്യമായതും കൃഷിക്കും കുടിവെള്ളം, റോഡ്, വൈദ്യുതി സൗകര്യമുള്ളതുമായ സ്ഥലമാണ് ട്രൈബൽ, റവന്യു അധികൃതരെത്തി ഓരോ കുടുംബത്തിനും അളന്ന് നൽകിയത്. ഇവരിൽ വീട് ആവശ്യമുള്ളവർക്ക് ആദിവാസി പുനരധിവാസ പദ്ധതിയിൽപെടുത്തി ആറ് ലക്ഷം രൂപ വീടിന് അനുവദിക്കും. ഭൂമി ലഭിച്ച കുടുംബങ്ങളിൽ ഭീമനടി
ട്രൈബൽ ഓഫീസ് പരിധിയിലെ 50 കുടുംബംങ്ങളുടെ യോഗം നവംബർ മൂന്നിന് പകൽ 11 ന് ഭീമനടി ഓഫീസിൽ നടക്കുമെന്ന് ട്രൈബൽ ഓഫീസർ അറിയിച്ചു. ഭൂമി അളന്ന് നൽകുന്നതിന് തഹസിൽദാർ പി വി മുരളി, ട്രൈബൽ ഓഫീസർ എ ബാബു, താലൂക്ക് ജൂനിയർ സൂപ്രണ്ട് ഷിബു ജോസഫ്, താലൂക്ക് സർവേയർ ജിമിലേഷ്, റവന്യു ഉദ്യോഗസ്ഥർ, പ്രമോട്ടർമാർ, ഊരുകൂട്ടം മൂപ്പൻമാർ എന്നിവർ നേതൃത്വം നൽകി.
No comments