Breaking News

ഓട്ടോയിൽ കടത്തുകയായിരുന്ന 22.5കിലോ കഞ്ചാവു പിടികൂടിയ കേസിലെ പ്രതികൾക്കു പത്തുവർഷം കഠിനം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ

കാസർകോട്: ഓട്ടോയിൽ കടത്തുകയായിരുന്ന 22.5കിലോ കഞ്ചാവു പിടികൂടിയ കേസിലെ പ്രതികൾക്കു പത്തുവർഷം കഠിനം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷവിധിച്ചു. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി(രണ്ട്) ജഡ്ജ് കെ പ്രിയ ആണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവും അനുഭവിക്കണം. നെല്ലിക്കട്ട ആമുസ് നഗറിലെ അബ്ദുൾ റഹ്മാൻ(55), പെരുമ്പളക്കടവ് കബീർ മൻസിലിലെ സി എ അഹമ്മദ് കബീർ(43), ആദൂർ കണ്ടറിൽ പോക്കറടുക്ക മൻസിലിൽ കെ പി മുഹമ്മദ് ഹാരിസ്(40) എന്നിവരാണ് കേസിലെ പ്രതികൾ. 2022 ഫെബ്രുവരി നാലിനാണ് കേസിന്നാസ്പദമായ സംഭവം. രാത്രി 8.30നു കാസർകോട് ചൗക്കി പെട്രോൾ പമ്പിന് സമീപം ഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയ കേസിലാണ് ശിക്ഷ വിധിച്ചത്. അന്നത്തെ കാസർകോട് ഇൻസ്പെക്ടറായിരുന്ന പി മധുസദനൻ, എസ്.ഐ കൃഷ്ണൻ കൊട്ടിലക്കണ്ടി എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായിരുന്ന ഫിലിപ്പ് തോമസ്, സുരേഷ്, സനീഷ് ജോസഫ് എന്നിവരാണ് കഞ്ചാവും ഓട്ടോയും പ്രതികളെയും പിടികൂടിയത്. തുടരന്വേഷണം നടത്തിയത് വിദ്യാനഗർ ഇൻസ്പെക്ടറും ഇപ്പോൾ ബേക്കൽ ഡിവൈഎസ്പിയുമായ വി.വി മനോജാണ്. തുടർന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാസർകോട് ഇൻസ്പെക്ടറായ പി.അജിത്ത്കുമാറായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

No comments