'വെജിറ്റേറിയൻ ബോഡി ബിൽഡർ'; ഹൃദയാഘാതത്തെ തുടർന്ന് നടൻ 41-ാം വയസ്സിൽ അന്തരിച്ചു
ചണ്ഡീഗഢ്: ബോഡി ബിൽഡറും നടനുമായ വരീന്ദർ സിംഗ് ഘുമാൻ (41) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തോളിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് മാനേജർ യാദ്വീന്ദർ സിംഗ് പറഞ്ഞു. വൈകുന്നേരം ആശുപത്രിയിൽ നടന് ഹൃദയാഘാതം ഉണ്ടായതായി അദ്ദേഹത്തിന്റെ അനന്തരവൻ അമൻജോത് സിംഗ് ഘുമാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2023-ല്‍ സല്‍മാന്‍ ഖാനൊപ്പം 'ടൈഗര്‍-3' എന്ന ചിത്രത്തിലും 2014-ല്‍ 'റോര്‍: ടൈഗേഴ്‌സ് ഓഫ് സുന്ദര്‍ബന്‍സ്', 2019-ല്‍ 'മര്‍ജാവന്‍' തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. 2012-ല്‍ 'കബഡി വണ്‍സ് എഗെയ്ന്‍' എന്ന പഞ്ചാബി ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. 6 അടി 2 ഇഞ്ച് ഉയരമുള്ള ഗുമാൻ 2009 ൽ മിസ്റ്റർ ഇന്ത്യ കിരീടം നേടുകയും മിസ്റ്റർ ഏഷ്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ‘വെജിറ്റേറിയൻ ബോഡി ബിൽഡർ’ എന്നറിയപ്പെടുന്ന ഘുമാൻതന്റെ വ്യായാമ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പതിവായി പങ്കിട്ടിരുന്നു. 2027 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന നൽകി.
No comments