Breaking News

സിനിമാ താരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം, ഉടൻ നോട്ടീസ് നൽകും


കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെടും. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം. താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദേശം നൽകിയിട്ടുണ്ട്. ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. ഇന്നലെ നടന്ന പരിശോധനയിൽ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള ആർ സി ഉടമകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ദുൽഖറിന്റെ വാഹനം വിട്ടു നൽകുന്നില്ല എങ്കിൽ അതിനു കൃത്യമായ വിശദീകരണം നൽകാൻ കസ്റ്റംസിനോട്‌ കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

താരങ്ങളുടെ വീട്ടിലെ റെയ്ഡ്

ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് ഇഡി റെയ്ഡ് നടന്നത്. മമ്മൂട്ടി ഹൌസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിന്‍റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്‍റെ വീട്, അമിത് ചക്കാലക്കലിന്‍റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.

No comments