തിരയ്ക്കൊപ്പം മത്തിയും കരയിലേക്ക് ഒഴുകിയെത്തിയത് നീലേശ്വരത്ത് കൗതുക കാഴ്ചയായി
നീലേശ്വരം : തിരയ്ക്കൊപ്പം മത്തിയും കരയിലേക്ക് ഒഴുകിയെത്തിയത് നീലേശ്വരത്ത് കൗതുക കാഴ്ചയായി. ഞായർ രാവിലെയാണ് 'സർഡൈൻ റൺ' എന്ന പ്രതിഭാസം കാരണം നീലേശ്വരം മരക്കാപ്പ് കടപ്പുറത്ത് തിരയിൽ മത്തിക്കൂട്ടം അടിച്ചുകയറിവന്നത്. ജീവനുള്ള മത്തി മണലിൽ കിടന്ന് പിടയ്ക്കുന്നത് കണ്ട് തീരത്തെത്തിയവർ പ്ലാസ്റ്റിക് കവറുകളിലും മറ്റും വാരിയെടുത്തു. വിവരമറിഞ്ഞ് കടൽ കാണാൻ എത്തിയവരും നാട്ടുകാരും സഞ്ചികളുമായി മത്തിപിടിക്കാൻ എത്തി. കൈയിൽ കിട്ടിയ കവറുകളിലെല്ലാം മീൻവാരിയെടുക്കാൻ ആളുകൾ മത്സരിക്കുന്ന കാഴ്ചയായിരുന്നു. എല്ലാവർക്കും ധാരാളം മത്തി കിട്ടി. സമീപ പ്രദേശങ്ങളായ മടക്കര, കാഞ്ഞങ്ങാട് ബേക്കൽ തുടങ്ങിയ പ്രദേശങ്ങളിലും ഈ പ്രതിഭാസമുണ്ടായി. സർഡിനല്ല എന്ന ജനുസിലെ 'ഇന്ത്യൻ ഓയിൽ സർഡൈൻ എന്നറിയപ്പെടുന്ന മത്തി ചിലയിടങ്ങളിൽ തിരയ്ക്കൊപ്പം തീരത്തെത്താറുണ്ട്. സമയം മാത്രമേ ഈ പ്രതിഭാസം നീണ്ടുനിൽക്കൂ. തിരമാലയ്ക്കൊപ്പം തിങ്ങിനിറഞ്ഞ് അടിഞ്ഞുകൂടുകയാണ് പതിവ്. മീനുകൾ കോഴിക്കോട്ടും കാസർകോട്ട് മടക്കരയിലും കുറച്ചുകാലം മുന്പ് കരയിലേക്കെത്തിയിരുന്നു.അന്തരീക്ഷ താപനിലയുടെ മാറ്റം കാരണം കടൽവെള്ളത്തിന്റെ സാന്ദ്രത കുറവായതിനാലാണ് മത്സ്യം കരയിലേക്ക് കൂട്ടത്തോടെ എത്തുന്നതെന്നാണ് ഗവേഷകർ പറയുന്നത്. സാന്ദ്രത കുറയുമ്പോൾ അടിത്തട്ടിലെ വെള്ളം മുകളിലേക്കുയരും. ഈ സന്ദർഭത്തിൽ കരയോടടുത്ത് സഞ്ചരിക്കുന്ന മത്തിക്കൂട്ടം വെള്ളത്തിന്റെ ഉപരിതലത്തിലെത്തി തിരയോടൊപ്പം കരയിലേക്ക് തള്ളപ്പെടും. കടൽവെള്ളത്തിലെ ഓക്സിജന്റെ അളവിലെ വ്യതിയാനം ഉൾപ്പടെ സർഡെൻ റൺ എന്ന പ്രതിഭാസത്തിന് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
No comments