ഷെബീന ഇനിയില്ല കെൻസയ്ക്ക് നഷ്ടമായത് താങ്ങും തണലും.. ചോയ്യംകോട് പോണ്ടിയിലെ വെളിക്കോത്ത് ഷെബീന (37) ഹൃദയാഘാതത്തെ തുടർന്നാണ് കഴിഞ്ഞദിവസം മരിച്ചത്
കരിന്തളം : ഓട്ടിസം ബാധിച്ച നാലാം ക്ലാസുകാരിയായ മകളെ തനിച്ചാക്കി ഉമ്മ ഷെബിനയുടെ വിയോഗം നാടിന്റെ നൊമ്പരമായി. ചോയ്യംകോട് പോണ്ടിയിലെ വെളിക്കോത്ത് ഷെബീന (37) ഹൃദയാഘാതത്തെ തുടർന്നാണ് കഴിഞ്ഞദിവസം മരിച്ചത്. ഷെബീനയുടെ ഏക മകൾ കെൻസാ ഫൈസൽ കീഴ്മാല എഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. ജന്മനാ പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത കെൻസയുടെ എല്ലാമായിരുന്നു ഉമ്മ ഷെബീന. മകളെയും ഒക്കത്തിരുത്തി എന്നും സ്കൂളിലേക്കുള്ള ഷെബിനയുടെ യാത്ര ഏവർക്കും നൊന്പരമുണ്ടാക്കുന്നതാണ്. സ്കൂളിലെ എല്ലാ പരിപാടികളിലും ഷെബിനയും കെൻസയും സജീവസാന്നിധ്യമായിരുന്നു. മകൾക്ക് കൂട്ടായി വൈകിട്ടുവരെ ഷെബിന ക്ലാസ് മുറിയിലുണ്ടാകും. ഷെബിനയുടെ വിയോഗം സ്കൂളിലെ കുട്ടികളെയും അധ്യാപകരെയും സങ്കടത്തിലാക്കി. തുടക്കത്തിൽ തീരെ വയ്യാതിരുന്ന കെൻസയ്ക്ക് ഇപ്പോൾ ഫിസിയോ തെറാപ്പിയും മറ്റും ചെയ്യുന്നതിന്റെ ഫലമായി ചെറിയ മാറ്റമുണ്ടെന്ന് സ്കൂളിലെ അധ്യാപകർ പറയുന്നു.
No comments