Breaking News

പിറന്നാൾ ആഘോഷത്തിന് അയക്കൂറ പൊരിച്ചതില്ല, കോഴിക്കോട് ഹോട്ടൽ തല്ലിത്തകർത്ത് വിരുന്നിനെത്തിയവർ


കോഴിക്കോട്: ഊണിനൊപ്പം കഴിക്കാന്‍ അയക്കൂറ ഫ്രൈ കിട്ടിയില്ലെന്ന കാരണത്താല്‍ ഒരു സംഘം ആളുകള്‍ ഹോട്ടല്‍ തല്ലിത്തകര്‍ത്തു. കോഴിക്കോട് ബാലുശ്ശേരി നന്‍മണ്ടയിലാണ് കഴിഞ്ഞ ദിവസം അക്രമ സംഭവമുണ്ടായത്. നന്‍മണ്ട-13ന് സമീപം പ്രവര്‍ത്തിക്കുന്ന ഫോര്‍ട്ടീന്‍സ് റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഘം പ്രകോപിതരാവുകയായിരുന്നു. നന്മണ്ടയില്‍ ഊണിനൊപ്പം മീന്‍ കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടലില്‍ ആക്രമണം. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചയോടെ ഒരു കുടുംബം ഹോട്ടലില്‍ 40പേര്‍ക്കുള്ള ഭക്ഷണം ഏല്‍പിച്ചിരുന്നു. ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി, മീന്‍കറിയടക്കമുള്ള ഊണ് തുടങ്ങിയ വിഭവങ്ങളാണ് ബുക്ക് ചെയ്തത്. ഈ വിഭവങ്ങളല്ലാത്ത ഭക്ഷണം നല്‍കേണ്ടതില്ലെന്നും ഏര്‍പ്പാടു ചെയ്തയാള്‍ പറഞ്ഞതായി ഹോട്ടല്‍ അധികൃതര്‍ പറയുന്നു.


ആദ്യം 20 പേരുടെ സംഘം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച് മടങ്ങി. ഇതിനുശേഷം ബാക്കിയുള്ളവരും ഹോട്ടലിലെത്തി. ഇവരില്‍ ചിലര്‍ ഹോട്ടല്‍ ജീവനക്കാരോട് അയക്കൂറ ആവശ്യപ്പെട്ടു. ഓര്‍ഡര്‍ ചെയ്ത വിഭവത്തില്‍ അയക്കൂറ ഇല്ലെന്നും അയല മതിയോ എന്നും ജീവനക്കാര്‍ ചോദിച്ചപ്പോള്‍ സംഘം പ്രകോപിതരാവുകയും ബഹളം വെച്ച് മേശയും കസേരയും ഗ്ലാസും ഉള്‍പ്പെടെ തകര്‍ക്കുകയുമായിരുന്നുവെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ റസ്റ്ററന്റ് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട നാലു പേരെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയതു വരികയാണ്.


No comments