Breaking News

മദ്യ ലഹരിയിൽ ഓടിച്ച കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു ; കാർ യാത്രക്കാരായ നീലേശ്വരം ചായ്യോം സ്വദേശികൾ സ്വദേശികൾ കസ്റ്റഡിയിൽ


പയ്യന്നൂർ: മദ്യ ലഹരിയിൽ ഓടിച്ച കാർ ഓട്ടോയിലും ബൈക്കുകളിലും ഇടിച്ചുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. തൃക്കരിപ്പൂർ, ഉടുമ്പുന്തലയിലെ എൻ കബീറിന്റെ ഭാര്യ ഖദീജ (58)യാണ് മരിച്ചത്. രാത്രി 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച രാത്രി 9.30 മണിയോടെ പയ്യന്നൂർ ബസ് സ്റ്റാന്റിനു സമീപത്തെ തേജസ് വസ്ത്രാലയത്തിനടുത്താണ് അപകടം. പാസ്പോർട്ട് ഓഫീസ് ഭാഗത്തു നിന്നു ടൗണിലേയ്ക്ക് അമിത വേഗതയിലെത്തിയ കാർ രണ്ട് ബൈക്കുകളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ടയർ പൊട്ടുകയും ചെയ്തു.

പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് ഓട്ടോയിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഖദീജ. ഇതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ ശബ്ദം കേട്ട് സ്ഥലത്തുണ്ടായിരുന്ന ആൾക്കാരും ഡ്രൈവർമാരും ഓടിയെത്തി കാറിൽ ഉണ്ടായിരുന്ന നീലേശ്വരം സ്വദേശികളായ അഭിരാഗ്, അഭിജിത്ത് എന്നിവരെ പിടികൂടി പൊലീസിനു കൈമാറി. മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു. അപകടത്തിൽ ഓട്ടോ ഡ്രൈവർ എം അനീഷി(38)നും യാത്രക്കാരായി മറ്റു രണ്ടുപേർക്കും പരിക്കേറ്റു. അപകടം സംബന്ധിച്ച് ഓട്ടോ ഡ്രൈവറുടെ പരാതിയിൽ കാർ ഓടിച്ചിരുന്ന നീലേശ്വരത്തെ അഭിജിത്തിനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.

ഖദീജയുടെ മക്കൾ: സുനൈദ, സുഹ്റാബി, സുമയ്യ, മൻസൂർ, അക്ബർ. മരുമക്കൾ: മുസ്തഫ, അബ്ദുൽ ഖാദർ, ഹാഷിം, ആയിഷ.

No comments