ഈസ്റ്റ് എളേരി പഞ്ചായത്ത് സീറ്റ് വിഭജനം തർക്കം ; തമ്മിലടിച്ച് നേതാക്കൾ
കാസർകോട് : കോൺഗ്രസിലെ സീറ്റ് വിഭജന തർക്കത്തിന് പിന്നാലെ തമ്മിലടിച്ച് നേതാക്കൾ. കാസർകോട് ഡിസിസിയിൽ നേതാക്കൾ തമ്മിൽ കൂട്ടയടി. ഡി സി സി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഏറ്റുമുട്ടിയത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് നേതാക്കൾ തമ്മിൽ തല്ലിയത്. നേരത്തെ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ജെയിംസ് പന്തമാക്കൽ ഡിഡിഎഫ് എന്ന സംഘടനയുണ്ടാക്കിയിരുന്നു. പിന്നീട് ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ വർഷം അദ്ദേഹം ഉൾപ്പെടെയുള്ള ഏഴുപേർ കോൺഗ്രസിലേക്ക് തിരിച്ചെത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ കുറേ സീറ്റുകൾ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് തർക്കം ഒഴിവാക്കാൻ നേതൃത്വം കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് യോഗത്തിൽ അഞ്ച് സീറ്റുകൾ നൽകാമെന്ന് തീരുമാനിച്ചിരുന്നു. പിന്നീട് ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെ ഉൾപ്പെടെ അധിക്ഷേപിക്കുന്ന തരത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തർക്കം രൂക്ഷമായതോടെ ഇവർക്ക് രണ്ടു സീറ്റുകൾ മാത്രം നൽകിയാൽ മതിയെന്ന് കോൺഗ്രസ് യോഗം തീരുമാനിച്ചതാണ് ഏറ്റുമുട്ടലിലേക്ക് വഴിവെച്ചതെന്നാണ് വിവരം. കെപിസിസി വൈസ് പ്രസിഡന്റ് എം ലിജുവിന്റെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി സീറ്റ് ചർച്ച ഡിസിസി ഓഫീസിൽ വ്യാഴാഴ്ച നടന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എം. ലിജു പറഞ്ഞു. പ്രതിക സമർപ്പിക്കാനുള്ള അവസാന തിയതി നാളെയിരിക്കെ ജില്ലയിലെ പല സീറ്റിലും തീരുമാനമായില്ലെന്നാണ് വിവരം.
No comments