മനസ് അങ്ങേയറ്റം സങ്കടത്തിൽ, ആദ്യം തിരക്കിയത് ആശുപത്രിയിലായവരെ കുറിച്ച്; ഹനാന്‍ ഷാ പറയുന്നു
രണ്ട് ദിവസം മുൻപ് യുവ ഗായകൻ ഹനാൻ ഷായുടെ സംഗീത പരിപാടി കാസർകോട് നടന്നിരുന്നു. വലിയ തിരക്ക് അനുഭവപ്പെട്ടതിന് പിന്നാലെ പരിപാടി വളരെ വേഗം അവസാനിപ്പിക്കുകയും ചെയ്തു. ശ്വാസതടസം നേരിട്ട് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ തനിക്ക് അങ്ങേയറ്റം സങ്കടം ഉണ്ടെന്നും അന്ന് എന്താണ് സംഭവിച്ചതെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഹനാൻ ഷാ.
വലിയ അപകടങ്ങൾ ഒഴിവാക്കാനാണ് രണ്ട് പാട്ട് മാത്രം പാടി താൻ അവിടെന്ന് മടങ്ങിയതെന്ന് ഹനാൻ ഷാ പറയുന്നു. പോയ ശേഷം താൻ ആദ്യം തിരക്കിയത് ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെയാണെന്നും അവസാനത്തെ ഹെല്‍ത്ത് വോളന്‍റിയര്‍ ആശുപത്രി വിടുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ഒരാള്‍ താന്‍ ആയിരുന്നുവെന്നും ഹനാൻ ഷാ പറയുന്നു.
ഹനാൻ ഷായുടെ പ്രസ്താവന ചുവടെ
ഈവന്‍റ് കഴിഞ്ഞ് ഇന്ന് രണ്ടാം ദിവസമാണ്. പരിപാടിക്ക് വന്ന ആള്‍ക്കാര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് ആലോചിച്ചു മാത്രം എന്‍റെ മനസ് അങ്ങേയറ്റം സങ്കടത്തിലാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാസര്‍കോട് അന്ന് ഒത്തുകൂടിയ എല്ലാവരും എന്നെ കാണാനും ഞാന്‍ നിങ്ങളെ കാണാനും നിങ്ങള്‍ക്ക് വേണ്ടി പാടാനും വന്നവനാണ്. തലേന്ന് ഫ്ലൈറ്റ് ക്യാന്‍സലായി പരിപാടി നടക്കില്ല എന്ന സാഹചര്യത്തില്‍ ഉറക്കമില്ലാതെ രണ്ട് കണക്ഷന്‍ ഫ്ലൈറ്റില്‍ കേറീട്ടാണ് ഓണ്‍ ടൈമില്‍ ഞാന്‍ കാസര്‍കോട് എത്തുന്നത്. ലാസ്റ്റ് മിനിറ്റ് ടിക്കറ്റ് ആയതുകൊണ്ട് കൂടെ ഉള്ളവര്‍ക്ക് വരാനുമായില്ല. ഒരിടവേളയ്ക്ക് ശേഷം വരുന്നത് ആയതുകൊണ്ട് തന്നെ എല്ലാവരെയും കാണാനും വേദിയില്‍ കുറച്ചധികം സമയം സ്പെന്‍ഡ് ചെയ്യാനും ഞാന്‍ റെഡി ആയിരുന്നു. കമ്മിറ്റിയോട് ഞാന്‍ വരുന്നതിന് മുന്നെ ഈവന്‍റ് കഴിഞ്ഞിട്ടും ആല്‍ക്കാരുടെ കൂടെ ഫോട്ടോ എടുക്കാന്‍ ഞാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു. അങ്ങനെ വേദിയിലേക്ക് വരാനിരിക്കെയാണ് സംഭവങ്ങളെ കുറിച്ച് അറിയുന്നത്. ടിക്കറ്റ് എടുത്തതിനെക്കാള്‍ ആളുകള്‍ പുറത്തുണ്ടെന്നും അതുകൊണ്ട് തിരക്ക് കഴിഞ്ഞിട്ട് കയറാമെന്ന് പൊലീസ് നിര്‍ദ്ദേശം കിട്ടുന്നു. 8-9 വരെ കാത്തിരുന്നിട്ടും തിരക്ക് കൂടുന്നതല്ലാതെ കുറയാത്തതിനാൽ 9 മണിക്ക് കയറാന്‍ അനുമതി കിട്ടുന്നു. എന്നാല്‍ ഉള്ള വേദിയില്‍ ആളുകള്‍ തിങ്ങി നിറഞ്ഞതിനാലും പുറത്ത് അതിലേറെ ആള്‍ക്കാര്‍ കയറാന്‍ ശ്രമിക്കുന്നതിനാലും, തുടര്‍ന്നാല്‍ വലിയ അപകടങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ പെട്ടെന്ന് രണ്ട് പാട്ട് പാടി നിര്‍ത്താനും സ്റ്റേജിന് പുറകിലുള്ള കാറില്‍ എത്രയും പെട്ടെന്ന് കയറാനും പൊലീസ് നിര്‍ദ്ദേശം കിട്ടുന്നു. അതിനാലാണ് ഞാന്‍ പിന്നിലേക്ക് ഓടിയത്. അല്ലാതെ ആള്‍ക്കാര്‍ എന്നെ ബുദ്ധിമുട്ടിച്ചിട്ടല്ല. ഇനിയും പാടാനും അവിടെ നില്‍ക്കാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഞാന്‍ അവിടെന്ന് പോകുന്നതിന് അനുസരിച്ചേ ആ തിരക്ക് കുറയുകയുള്ളൂ. അതിനാല്‍ എനിക്ക് നിര്‍ദ്ദേശം നല്‍കുന്നവരെ ആ സമയത്ത് അനുസരിച്ചേ പറ്റൂ. അതിന് ശേഷം ഞാന്‍ ആദ്യം വിളിച്ച് അന്വേഷിച്ചതും തിരക്കിയതും ശ്വാസതടസം നേരിട്ട് ആശുപത്രിയില്‍ പോയവരെ ആയിരുന്നു. ബുദ്ധിമുട്ടുകളില്ലാതെ ഒരു മണിക്കൂറിനുള്ളില്‍ അവരും ആശുപത്രിയില്‍ നിന്നും ഇറങ്ങിയിട്ടുണ്ടെന്ന് മനസിലാക്കി. അവസാനത്തെ ഹെല്‍ത്ത് വോളന്‍റിയര്‍ ആശുപത്രി വിടുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ഒരാള്‍ ഞാന്‍ ആയിരുന്നു. അത് ആ ആശ്വാസത്തിന്‍റെ വാര്‍ത്തയായിരുന്നു. കാരണം. എന്തൊക്കെ പറഞ്ഞാലും അവര്‍ എന്‍റെ പരിപാടിക്ക് വന്നവരാണ്. മറ്റെന്തിനെക്കാളും എനിക്ക് അവര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ അങ്ങേയറ്റം സങ്കടമുണ്ടായിരുന്നു.
No comments