മരപ്പാലയാത്ര മറക്കാം കുമ്പളപ്പള്ളി മൂർഖൻവള്ളിയിൽ പുതിയ പാലം വരും
കരിന്തളം : കുമ്പളപ്പള്ളിയിൽനിന്ന് മൂർഖൻവള്ളി വഴി വരയിലേക്കുള്ള പഞ്ചായത്ത് റോഡ് ഉയർത്തി കുമ്പളപ്പള്ളി ചാലിന് പാലം വേണമെന്ന നാട്ടുകാരുടെ സ്വപ്നം പൂവണിയുന്നു. ടെൻഡർ നടപടികളിലേക്ക് കടന്നതോടെ പാലം യാഥാർഥ്യമാവുമെന്നുറപ്പായി. വർഷങ്ങളായി മരപ്പാലത്തിലൂടെ മറുകരയിൽ എത്തിയ മൂർഖൻവള്ളി പ്രദേശത്തുകാർ ഇനി മഴക്കാലത്ത് ഭയക്കേണ്ടതില്ല. ചിമ്മത്തോട്, മൂർഖൻവളളി പ്രദേശത്തെ 50 കുടുംബങ്ങൾ കുട്ടികളെ സ്കൂളിലയക്കാനും റേഷൻ കടയിൽ പോകാനും മറ്റു സ്ഥലങ്ങളിലേക്ക് പോകാനും മഴക്കാലത്ത് വളരെയേറെ പ്രയാസത്തിലായിരുന്നു. കുമ്പളപ്പളി - ഉമിച്ചി റോഡിൽ പാലം പണി പൂർത്തീകരിച്ച് പാലത്തിനോട് ചേർന്ന് അരികുകെട്ടി
മണ്ണിട്ടുയർത്തിയതോടെയാണ് മൂർഖൻവള്ളി വഴി വരയിലേക്കുള്ള റോഡിൽ ഗതാഗത തടസം നേരിട്ടത്. ഇതിന് പരിഹാരമായി ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ 35 ലക്ഷം രൂപ ചിലവിലാണ് - മൂർഖൻ വള്ളി ചാലിൽ പാലം യാഥാർഥ്യമാകുന്നത്. പ്രദേശത്തെ സിപിഐ എം, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികൾ എന്നിവ നടത്തിയ ഇടപെടലുകളാണ് പാലംയാഥാർഥ്യമാക്കുന്നതിലേക്കെത്തിച്ചത്. നിർമാണം പൂർത്തിയായ കുമ്പളപ്പള്ളി പാലം വന്നതോടെ മൂർഖൻവള്ളി റോഡിൽ കുത്തനെയുള്ള കയറ്റം വേനൽക്കാലത്ത് ചാലിലൂടെയുള്ള വാഹന ഗതാഗതത്തിനും തടസമായിരുന്നു.
No comments