കാസർകോട്: കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ് വീണ്ടും അറസ്റ്റിൽ. വെള്ളിയാഴ്ച പുലർച്ചെ മേൽപ്പറമ്പ് പഴയ മിൽമ ബൂത്തിനു സമീപത്തെ കാഷ് മാർട്ട് ഹൈപ്പർമാർക്കറ്റിൽ കവർച്ച നടത്തുന്നതിനിടയിലാണ് തൊരപ്പൻ നാട്ടുകാരുടെ പിടിയിലായത്. പിടിയിൽ നിന്നു രക്ഷപ്പെടാനായി സൂപ്പർമാർക്കറ്റ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നു താഴേയ്ക്ക് ചാടി, കാലൊടിഞ്ഞ നിലയിലാണ് തൊരപ്പനെ പിടികൂടിയത്.നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ തൊരപ്പൻ സന്തോഷ് കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിലെ പുലിക്കുരമ്പ സ്വദേശിയാണ്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെയാണ് സന്തോഷ് മേൽപ്പറമ്പിൽ എത്തിയത്. പുലർച്ചെ ഒരു മണിവരെ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. കവർച്ചയ്ക്ക് അനുകൂല സമയം തെരഞ്ഞെടുത്ത ശേഷം കടയുടെ ഷട്ടറിലെ പൂട്ട് പൊളിച്ച് അകത്തു കടന്ന് കാഷ് കൗണ്ടറിൽ നിന്നു 3000 രൂപ
കൈക്കലാക്കി.
കടയുടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ എടുക്കാനായി യുവാക്കൾ എത്തിയതാണ് മോഷ്ടാവിനു വിനയായത്. കടയുടെ അകത്തു നിന്നു ശബ്ദം കേട്ട യുവാക്കൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആൾക്കാരെത്തി കെട്ടിടം വളഞ്ഞപ്പോൾ രക്ഷപ്പെടാനായി മോഷ്ടാവ് ഒന്നാം നിലയിൽ നിന്നു താഴേയ്ക്കു ചാടി. കാലൊടിഞ്ഞതിനാൽ രക്ഷപ്പെടാനായില്ല. സ്ഥാപന ഉടമ കെ അനൂപിന്റെ പരാതിയിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.
No comments