വീട്ടുമുറ്റത്ത് കാട്ട് പോത്തിൻ കൂട്ടം, വെളിച്ചമായതോടെ പറമ്പുകളിൽ ഓട്ടം, ആശങ്കയിൽ നാട്ടുകാർ, നാദാപുരത്ത് അസാധാരണ കാഴ്ച
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തുകള്‍ ഇറങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയിൽ. കോഴിക്കോട് നാദാപുരം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാലിക്കൊളുമ്പിലാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്. രാവിലെ ഒന്‍പതോടെയാണ് കൂട്ടായി നാണു എന്നയാളുടെ വീടിന്‍ സമീപത്തെ പറമ്പില്‍ കൂട്ടമായി കാട്ടുപോത്തുകൾ എത്തിയത്. പല കൃഷിയിടങ്ങളിലും കറങ്ങിയ ഇവ പിന്നീട് തൊഴിലുറപ്പ് പണി നടന്നുകൊണ്ടിരുന്ന പറമ്പിലൂടെയും ഓടി. പരിഭ്രാന്തരായ നാട്ടുകാര്‍ പിന്നീട് വനംവകുപ്പ് അധികൃതരെ ബന്ധപ്പെട്ടു. ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൂന്ന് കാട്ടുപോത്തുകളെയും ജനവാസ മേഖലയിൽ നിന്ന് തുരത്തി ഓടിച്ചത്. കണ്ണൂര്‍ ജില്ലയിലെ വളയലായി മലയോരത്തേക്കാണ് ഇവയെ തുരത്തിയത്. സ്വകാര്യ വ്യക്തികളുടെ വിശാലമായ പറമ്പുകള്‍ കാടുപിടിച്ചു കിടക്കുന്നതാണ് വന്യജീവികള്‍ നാട്ടിലേക്ക് വരാന്‍ ഇടയാക്കുന്നതെന്ന് അധികൃതര്‍ പറയുന്നത്. വന്യജീവികളുടെ സാന്നിധ്യം പതിവായതോടെ ഇത്തരത്തിലുള്ള കാട് ഉടമകള്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
No comments