കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്ര ജനുവരി ഒന്നിന് കാസർകോട് നിന്ന് ആരംഭിക്കും
കാസർകോട്: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്ര ജനുവരി ഒന്നിന് കാസർകോട് നിന്ന് ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി നടക്കുന്ന കേരളയാത്ര കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരാണ് നയിക്കുന്നത്. സയ്യിദ് ഇബ്രാഹിം ഖലിൽബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ ഉപനായകരാണ്.
സമസ്തയുടെയും പോഷക സംഘടനകളുടെയും സമുന്നത സാരഥികൾ യാത്രയിൽ ഉണ്ടാകും. മനുഷ്യർക്കൊപ്പം എന്നതാണ് ഇത്തവണ കേരള യാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം. വ്യാഴാഴ്ച ഉച്ചക്ക് 1.30ന് ഉള്ളാൾ ദർഗ്ഗ സിയാറത്തോടെ യാത്രയ്ക്കു തുടക്കം കുറിക്കും.
സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാരും ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലും ചേർന്ന് ജാഥാ നായകൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പതാക കൈമാറും. കർണാടക സ്പീക്കർ യുടി ഖാദർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കർണ്ണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി അധ്യക്ഷത വഹിക്കും. ചടങ്ങിന് ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കർണാടകയിലെ സംഘടനാ നേതാക്കളും പൗരപ്രമുഖരും ചേർന്ന് കാസർകോട്ടേക്ക് ആനയിക്കും. സംസ്ഥാന അതിർത്തിയിൽ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വരവേൽപ്പ് നൽകും.
വൈകുന്നേരം 5 മണിക്ക് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ അധ്യക്ഷതയിൽ ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കർണാടക സ്പീക്കർ യുടി ഖാദർ, രാജ് മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാർ മുഖ്യാതിഥികളാകും.
No comments