കളിയാട്ടത്തിരക്കിനിടെ ദേശീയപാതയിലെ നീലേശ്വരം പള്ളിക്കരയിൽ കൂട്ടിയിടിച്ചത് മൂന്ന് കാറുകൾ: വലിയ അപകടമൊഴിവായത് തലനാരിഴയ്ക്ക്
സമീപത്തെ പാലരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ സമാപനദിവസം പ്രദേശത്ത് വലിയ തിരക്ക് അനുഭവപ്പെടുന്നതിനിടെയാണ് അപകടമുണ്ടായതെങ്കിലും തലനാരിഴയ്ക്ക് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങൾക്കും കാര്യമായ കേടുപാടുകളുണ്ടായെങ്കിലും മൂന്ന് വാഹനങ്ങളിലും ഉണ്ടായിരുന്നവരിൽ ആരുടെയും പരിക്ക് സാരമുള്ളതല്ല. കളിയാട്ട ചടങ്ങുകളുടെ സമാപനമായതിനാലും പ്രദേശത്ത് ടാറിങ് നടക്കുന്നതിനാൽ വൺവേ ട്രാഫിക് ആയിരുന്നതിനാലും വലിയ തിരക്കുള്ള സമയത്താണ് അപകടം നടന്നത്. തത്സമയം ഇതുവഴി കടന്നുപോയവരും പരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.
വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. ഇവിടെ ടാറിങ് നടക്കുന്നതിനാൽ ഒരു ഭാഗത്തു കൂടി മാത്രമേ ഗതാഗതം കടത്തിവിട്ടിരുന്നുള്ളൂ. ഇതോടെ ഇതുവഴി വാഹനത്തിരക്കും ആൾത്തിരക്കും അനുഭവപ്പെട്ടിരുന്നു. സർവീസ് റോഡുവഴി നടന്നു വരുന്നവരും സ്വകാര്യ വാഹനങ്ങളുമെല്ലാം നീലേശ്വരം ഭാഗത്ത് മേൽപ്പാലം തുടങ്ങുന്നേടത്താണ് മെയിൻ റോഡിലേക്ക് കയറിയിരുന്നത്. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറിൽ ഇടിച്ചതോടെയാണ് അപകടത്തിന് തുടക്കം. ഇടിയേറ്റതോടെ നിയന്ത്രണം വിട്ട കാർ റോഡിന് പുറത്തേക്ക് നീങ്ങി. എതിർവശത്തു കൂടി വന്ന മറ്റൊരു കാറിലും ഇടിച്ചു. അപകടവിവരം അറിഞ്ഞ് നിരവധി പേർ ഓടിക്കൂടി. നീലേശ്വരം പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
No comments