Breaking News

ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ വീട്ടില്‍ നിന്നും കള്ളനോട്ട് ശേഖരവും നോട്ടെണ്ണല്‍ യന്ത്രവും പിടികൂടി


വീട്ടില്‍ നിന്നും പൊലീസ് വന്‍ കള്ളനോട്ട് ശേഖരവും നോട്ടെണ്ണല്‍ യന്ത്രവും പിടികൂടി. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ കെ.വിജയന്റെ ചെര്‍ക്കള, കോലാച്ചിയടുക്കത്തുള്ള വീട്ടില്‍ നിന്നുമാണ് കള്ളനോട്ട് ശേഖരം പിടികൂടിയത്. കാസര്‍കോട് നഗരത്തില്‍ നിന്നും കഴിഞ്ഞ ദിവസം പട്ടാപകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് വിജയന്‍. 2000 രൂപയുടെ 2,500 കള്ളനോട്ടുകളും 1,000 രൂപയുടെ 50 കള്ളനോട്ടുകളുമാണ് പിടികൂടിയത്. ഇതോടൊപ്പം പിന്‍വലിച്ച 500 രൂപയുടെ നിലവിലില്ലാത്ത 100 നോട്ടുകളും പിടികൂടി. ഇടപാടുകാര്‍ക്ക് നല്‍കുന്നതിനായി കെട്ടുകളാക്കിയ നിലയിലായിരുന്നു നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. തട്ടിക്കൊണ്ട് പോകല്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് വിജയന്റെ വീട്ടില്‍ കള്ളനോട്ട് ശേഖരം ഉള്ളതായി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ റെയിലാണ് കള്ളനോട്ടുകളും നോട്ടെണ്ണുന്ന യന്ത്രവും കണ്ടെത്തിയത്. നിരോധിത നോട്ട് ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് മുഹമ്മദ് ഹനീഫയെ തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ രണ്ടു കേസുകളിലായി എട്ടുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തു.


No comments