മലയോര ഹൈവേ കാറ്റാംകവല വളവിൽ വർദ്ധിച്ചുവരുന്ന വാഹനാപകടത്തിന് കാരണമായ റോഡ് നിർമിതിയിലെ പിഴവിൽ പ്രതിഷേധിച്ച് കറുത്ത ഷാൾ ധരിച്ച് എൻ ഡി എ സ്ഥാനാർത്ഥിയുടെ പ്രചരണം
ചിറ്റാരിക്കാൽ: മലയോര ഹൈവേ കാറ്റാംകവല മറ്റപള്ളി വളവിൽ വർദ്ധിച്ചുവരുന്ന വാഹന അപകടത്തിനു കാരണമായ റോഡ് നിർമിതിയിലെ പിഴവിൽ പ്രതിഷേധിച്ച് കറുത്ത ഷാൾ ധരിച്ച് സ്ഥാനാർത്ഥിയുടെ പ്രചരണം. ചിറ്റാരിക്കാൽ ഡിവിഷൻ ജില്ലാ പഞ്ചായത്ത് എൻഡിഎ സ്ഥാനാർത്ഥിയും മഹിളാമോർച്ച കാസർകോട് ജില്ലാ പ്രസിഡന്റുമായ കെ.എസ്. രമണിയാണ് കഴിഞ്ഞ രണ്ട് ദിവസമായി കറുത്ത ഷാൾ ധരിച്ച് പ്രചരണത്തിനിറങ്ങിയത്.റോഡ് നിർമ്മാണ ജനകീയ സമിതി വൈസ് ചെയർമാൻ കൂടി യാണ് രമണി. മേലധികാരികളെ നേരിൽക്കണ്ടും രേഖാമൂലവും പല തവണ റോഡിന്റെ ശോചനീയാവസ്ഥ അറിയിച്ചതാണ്. 12 മീറ്ററാണ് മലയോര ഹൈവേയുടെ കുറഞ്ഞ വീതി വളവുകളിൽ ഇതിലധികം വേണ്ടിവരും. അപകടവളവിൽ ആവശ്യത്തിന് വീതിയില്ല. ഇറക്ക ത്തിൽ വലത്തോട്ടുള്ള വളവിൽ മെക്കാഡം ചെയ്ത് അനുപാതിക മായി ഇടതുവശം ഉയർത്തിയില്ലെന്നതാണ് പല ഡ്രൈവർമാരും ചൂണ്ടിക്കാട്ടുന്നത്. ഈ വളവ് അപകട രഹിതമേഖലയെന്നു കാട്ടിയാണ് എൻജിനിയറിങ് വിഭാഗം റോഡിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്. ഇവിടെ കെട്ടിയ ബാരിക്കേഡു പോലും ഒരാളുടെ അരപ്പൊക്കത്തിൽ പോലുമില്ല. കഴിഞ്ഞ മാസം ഇവിടെ ഒരു ഓട്ടോറിക്ഷ മറിഞ്ഞ് ബാരിക്കേഡ് തകർന്നിരുന്നു. ഇവിടെയാണ് കഴിഞ്ഞ ദിവസം കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചത്. കാറ്റാംകവലയ്ക്കും കുറ്റിത്താ ന്നിക്കുമിടയിലെ രണ്ട് കിലോമീറ്ററോളം ദൂരത്ത് 10 പേരുടെ ജീവനുകളാണ് സമീപ വർഷങ്ങളിൽ വാഹനാപകടത്തിൽ പൊലിഞ്ഞത്. ഇതധികം അപകടങ്ങളുണ്ടാ യിട്ടും പരാതികൾ മുമ്പിലെത്തിച്ചിട്ടും നടപടികളുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് എൻ ഡി എ സ്ഥാനാർത്ഥി കറുത്ത ഷാൾ ധരിച്ച് പ്രചരണം നടത്തുന്നത്.
No comments