Breaking News

ഭക്ഷണം പാചകം ചെയ്യുമ്പോൾ ഗ്യാസ് അടുപ്പിൽനിന്ന് തീ പടർന്ന് വീട് പൂർണമായും കത്തിനശിച്ചു


കാസർകോട് : ഭക്ഷണം പാചകം ചെയ്യുമ്പോൾ ഗ്യാസ് അടുപ്പിൽനിന്ന് തീ പടർന്ന് വീട് പൂർണമായും കത്തിനശിച്ചു. കറന്തക്കാട് കൊളക്കബയലിലെ പുഷ്പയുടെ ഉടമസ്ഥതയിലുള്ള അനുഗ്രഹ നിവാസാണ് കത്തിനശിച്ചത്. ചൊവ്വ രാവിലെ പത്തോടെയാണ് അപകടം. അടുപ്പിൽനിന്നും സമീപത്തുണ്ടായിരുന്ന തുണിയിലേക്ക് തീ പടർന്നതോടെ വീട്ടുകാർ പുറത്തേക്കോടി. പുഷ്പയുടെ മക്കളായ ജനാർദനനും മോഹനനും ഇവരുടെ ഭാര്യമാരും മക്കളും ഉൾപ്പെടെ ഒന്പതുപേരാണ് ഇവിടെ താമസിച്ചിരുന്നത്. മക്കൾ നാലുപേരും സ്കൂളിൽ പോയിരുന്നു. ജനാർദനൻ കാസർകോട് തുണിക്കടയിലും മോഹനൻ ബിരന്തുബയൽ സർവീസ് സ്റ്റേഷനിലും പണിക്കുപോയിരുന്നു. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കാസർകോട് അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് വാഹനങ്ങളെത്തി രണ്ടുമണിക്കൂർ ശ്രമിച്ചാണ് തീ പൂർണമായും കെടുത്തിയത്. വിവരമറിഞ്ഞ് മക്കൾ രണ്ടുപേരും ജോലി സ്ഥലത്തുനിന്ന് വീട്ടിലെത്തിയെങ്കിലും തീ കെടുത്താനായില്ല. തുടർന്നാണ് അഗ്നിരക്ഷാ സേനയെത്തിയത്. വീട്ടിലെ സാധനസാമഗ്രികൾ പൂർണമായും കത്തിനശിച്ചു. രണ്ട് സ്റ്റീൽ അലമാരയിലായുണ്ടായിരുന്ന തുണിത്തരങ്ങൾ, 15000 രൂപ, ടിവി, മിക്സി, കട്ടിൽ, കിടക്കകൾ, വീടിന്റെ ആധാരം, സർട്ടിഫിക്കറ്റുകൾ, റേഷൻകാർഡ്, മറ്റ് രേഖകൾ എന്നിവ പൂർണമായും കത്തിച്ചാന്പലായി. നാല് മുറികളോടുകൂടിയ ഓടിട്ട വീടാണ് കത്തിയത്. 10 ലക്ഷം രൂപ നഷ്ടം വന്നതായി കരുതുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാൽ, റെസ്ക്യൂ ഓഫീസർമാരായ എം രമേശ, ആർ അജേഷ്, വി എസ് ഗോകുൽ കൃഷ്ണൻ, എം എ വൈശാഖ്, അതുൽ രവി, പി എം നൗഫൽ, ഹോംഗാർഡുമാരായ എസ് സോബിൻ, വി ജി വിജിത്ത് നാഥ്, വി വി ഉണ്ണികൃഷ്ണൻ, പി ശ്രീജിത്ത്, പി വി പ്രസാദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. വില്ലേജ് അസ്സിസ്റ്റന്റ് വിപിൻ മാത്യുവും സ്ഥലത്തെത്തി.

No comments