കിണറ്റിൽ വീണ തേങ്ങകളെടുക്കാനിറങ്ങിയ യുവാവ് വഴുതിവീണു ; കാസർകോട് അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു
കാസർകോട് : കിണറ്റിൽ വീണ തേങ്ങകളെടുക്കാനിറങ്ങിയ യുവാവ് പ്ലാസ്റ്റിക് കയറിൽ പിടിച്ച് തിരിച്ചുകയറുന്പോൾ വഴുതിവീണു. ഒടുവിൽ കാസർകോട് അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. നുള്ളിപ്പാടിയിൽ ചൊവ്വ പകൽ മൂന്നോടെയാണ് അപകടം. നുള്ളിപ്പാടിയിലെ രാജേന്ദ്രന്റെ വീട്ടുപറമ്പിൽ ചാഞ്ഞുനിൽക്കുന്ന തെങ്ങ് കമ്പി ഉപയോഗിച്ച് വലിച്ചുകെട്ടാൻ വന്ന കോഴിക്കോട് നരിക്കുനി സ്വദേശിയും കുമ്പളയിൽ താമസക്കാരനുമായ ഷെബീർ (39) കിണറിൽ വീണത്. തെങ്ങ് വലിച്ചുകെട്ടുന്പോൾ വീണ തേങ്ങകൾ എടുക്കാനായാണ് ഷെബീർ കിണറ്റിലിറങ്ങിയത്. 50 അടി ആഴവും പത്തടി വെള്ളവുമുള്ള കിണറിൽനിന്നും തേങ്ങകൾ എടുത്ത ശേഷം കയറാൻ ശ്രമിക്കവേ പ്ലാസ്റ്റിക് കയർ വഴുതി കൈവിട്ട് വീഴുകയായിരുന്നു. ഉടൻ വീട്ടുകാർ കാസർകോട് അഗ്നിരക്ഷാസേ സേനയെ വിവരമറിയിച്ചതിനാൽ സീനിയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എസ് ഗോകുൽകൃഷ്ണൻ കിണറ്റിലിറങ്ങി ഷെബീറിനെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇയാളുടെ കൈകൾക്ക് നിസാര പരിക്കേറ്റതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments