Breaking News

പരപ്പ ബ്ലോക്കിൽ മൂന്നാമൂഴത്തിന്‌ എൽഡിഎഫ്‌ പിടിച്ചെടുക്കാൻ യു ഡി എഫ്


പരപ്പ : ജില്ലയുടെ തെക്കുകിഴക്ക് മേഖലയിലെ മലയോര പഞ്ചായത്തുകളെ ഉൾപ്പെടുത്തി 2010 നവംബർ ഒന്നിന് രൂപീകൃതമായതാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത്. ചന്ദ്രഗിരി, തേജസ്വിനി, ചൈത്രവാഹിനി പുഴകകളിലെ അനുഗൃഹീതമായ ജലസമ്പത്തിലാണ് ഈ ഗ്രാമങ്ങളുടെ കാർഷിക സമൃദ്ധി. കുടക് മലനിരകളോട് ചേർന്ന് നിൽക്കുന്ന പ്രകൃതി രമണീയത. സഞ്ചാരികൾ ഒഴുകുന്ന റാണിപുരവും കോട്ടഞ്ചേരിയുമെല്ലാം പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മനോഹരദേശങ്ങളാണ്. വെള്ളരിക്കുണ്ട് താലൂക്കിൽ ഉൾപ്പെടുന്ന കോടോം ബേളൂർ, പനത്തടി, കള്ളാർ, ബളാൽ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ - കരിന്തളം പഞ്ചായത്തുകൾ ചേർന്നാൽ പരപ്പ ബ്ലോക്ക് പഞ്ചായത്തായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടികവർഗ കുടുംബങ്ങളുള്ള ബ്ലോക്ക് പഞ്ചായത്താണിത്. കുടിയേറ്റ കർഷകരും ഏറെ. 546.72 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതികളുടെ നേതൃത്വത്തിൽ സ്ത്രീകൾ, കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ തുടങ്ങി വിവിധവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള ഇടപെടൽ ശ്രദ്ധ നേടി. ആരോഗ്യരംഗം, പട്ടികവർഗക്ഷേമം, തൊഴിലുറപ്പ് പദ്ധതി തുടങ്ങി നാനാമേഖലയിലും കരുതൽ ഉറപ്പാക്കാനായി. ഒന്നിലധികം ദേശീയ അംഗീകാരങ്ങൾ നേടിയതും പ്രവർത്തന മികവിന് മാറ്റായി. ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫാണ് ആദ്യം അധികാരത്തിലെത്തിയത്. കഴിഞ്ഞ രണ്ടുവട്ടവും എൽഡിഎഫ് അധികാരത്തിലെത്തി. എം ലക്ഷ്മിയാണ് നിലവിലെ പ്രസിഡന്റ്. ശക്തമായ മത്സരത്തിലൂടെ പരപ്പ ബ്ലോക്ക് പിടിച്ചെടുക്കുകയാണ് യു ഡി എഫിന്റെ ലക്ഷ്യം അതിനായി ശക്തമായ പ്രചാരണമാണ് യു ഡി എഫ് സ്ഥാനാർത്ഥികൾ നടത്തുന്നത് . ബ്ലോക്ക് പഞ്ചായത്തിൽ ആകെ 46 സ്ഥാനാർഥികൾ രംഗത്തുണ്ട്.

No comments