കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില
തൃശൂര്‍: റബ്ബര്‍ വില കുത്തനെ ഇടിഞ്ഞു. നാലാം ഗ്രേഡ് റബ്ബറിന് 179 രൂപയായി കുറഞ്ഞു. തരം തിരിക്കാത്തതിന് 174 രൂപയായി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. കൂടുതല്‍ കര്‍ഷകര്‍ വിപണിയില്‍ റബ്ബര്‍ എത്തിച്ചതോടെയാണ് വില ഇടിവ് തുടങ്ങിയത്. വരും ദിവസങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് വ്യാപാര കേന്ദ്രങ്ങള്‍ പറയുന്നത്. കഴിഞ്ഞമാസം, സര്‍ക്കാര്‍ താങ്ങുവില 180 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു ഇത്. എന്നാല്‍ റബ്ബര്‍ ബോര്‍ഡ് നിശ്ചയിച്ച വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം നല്‍കുന്നതിന് കര്‍ഷകരില്‍ നിന്ന് വില്‍പന ബില്‍ സ്വീകരിക്കാന്‍ ബോര്‍ഡ് നടപടി സ്വീകരിച്ചിട്ടില്ല. സൈറ്റ് പോലും തുറന്നിട്ടില്ല. ഓരോ കര്‍ഷകന്റെയും കൃഷിഭൂമി അനുസരിച്ച്, നിശ്ചിത കിലോ റബര്‍ പ്രതിമാസം രണ്ടു തവണയായി ബില്ലാക്കി സംഘങ്ങള്‍ മുഖേന സ്വീകരിക്കുകയാണ് പതിവ്. അതാത് മാസം പ്രഖ്യാപിക്കുന്ന മാര്‍ക്കറ്റ് വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസത്തുകയാണ് ഇന്‍സെന്റീവ് എന്ന നിലയില്‍ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നത്. താങ്ങുവില വര്‍ധിപ്പിച്ചത് കര്‍ഷകര്‍ ഏറെ ആശ്വാസത്തോടെയാണ് കണ്ടിരുന്നത്.
No comments