Breaking News

വെള്ളരിക്കുണ്ടിലെ കർഷകസ്വരാജ് സത്യാഗ്രഹ വേദിയിൽ ഗാഡ്ഗിൽ അനുസ്മരണം നടന്നു പഞ്ചായത്ത് മെമ്പർ ഷാജൻ പൈങ്ങോട്ട് അനുസ്മരണ പ്രസംഗം നടത്തി


വെള്ളരിക്കുണ്ട് : വന്യജീവി ശല്യം പെരുകുന്നതിനുത്തരവാദികൾ വനം വകുപ്പാണെന്ന് ഏറ്റവും തീവ്രതയോടെ പറഞ്ഞയാളായിരുന്നു പ്രൊഫ.വി.എം. ഗാഡ്ഗിലെന്ന് വെള്ളരിക്കുണ്ടിലെ കർഷകസ്വരാജ് സത്യാഗ്രഹ സമിതി നടത്തിയ അനുശോചന യോഗത്തിൽ സംസാരിച്ചവരെല്ലാം ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു. ഒക്ടോബർ 15 ന് കർഷകസ്വരാജ് സത്യാഗ്രഹവുമായി ബന്ധപ്പെട്ടു് ചേർന്ന ഓൺലൈൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത് വനം വകുപ്പ് പിരിച്ചുവിടണമെന്നാണ്. പെരുകികൊണ്ടിരിക്കുന്ന വന്യജീവികളെ നിയന്ത്രിതമായി വേട്ട നടത്താൻ അനുവദിച്ചില്ലെങ്കിൽ വന്യജീവികൾക്കും മനുഷ്യർക്കും ഒരുപോലെ നാശമാകുമെന്ന ശാസ്ത്രീയ നിഗമനമുള്ളയാളായിരുന്നു അദ്ദേഹം.

 ഈ നിലപാടിൻ്റെ പേരിലും വനം വകുപ്പിനെതിരായ തീഷ്ണ നിലപാടിൻ്റെ പേരിലും കാൽപ്പനികപരിസ്ഥിതിവാദികൾ അദ്ദേഹത്തെ വിമർശിക്കുന്നുണ്ടു്. വന്യമൃഗങ്ങളുടെ നിയന്ത്രിത വേട്ടക്കു വേണ്ടി വാദിക്കുക മാത്രമല്ല വേട്ട ചെയ്യപ്പെടുന്ന മൃഗങ്ങളുടെ മാംസം ഭക്ഷിക്കാൻ അനുവദിക്കണമെന്ന പക്ഷക്കാരനുമായിരുന്നു അദ്ദേഹം. 1972 ലെ വന്യജീവി സംരക്ഷണനിയമം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വ്യവസ്ഥക്കെതിരാകയാൽ ഭരണഘടനാ വിരുദ്ധമാണെന്നും ആയതിനാൽ അത് റദ്ദു ചെയ്യണമെന്നുമുള്ള  അദ്ദേഹത്തിൻ്റെ അഭിപ്രായവും അനുശോചന യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. 1972ലെ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഡിസം 20 ന് പൂനയിൽ കർഷകസ്വരാജ് സത്യാഗ്രഹസമിതിയും ഐക്യദാർഡ്യ സമിതിയും ചേർന്ന് വിളിച്ചു ചേർത്ത വന്യജീവി ശല്യം നേരിടുന്ന വിവിധ സംസ്ഥാനങ്ങളിലെ കർഷക സംഘടനാപ്രതിനിധികളുടെ ദേശീയ കൺവൻഷൻ ഉദ്ഘാടനം ചെയ്യാൻ എത്താമെന്നദ്ദേഹം പറഞ്ഞിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ മൂലം വന്നില്ല. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ വെള്ളരിക്കുണ്ട് സമരസമിതിയുടെ നിലപാടുകൾക്കൊപ്പമായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സത്യാഗ്രഹസമിതി സമർപ്പിച്ചിരുന്ന നിവേദനത്തിൻ്റെ പകർപ്പ് അദ്ദേഹത്തിന് അയച്ചു കൊടുത്തിരുന്നതായും സമിതി ഭാരവാഹികൾ അനുസ്മരിച്ചു. പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ ഷാജൻ പൈങ്ങോട്ട് അനുസ്മരണ പ്രസംഗം നടത്തി. ബേബി ചെമ്പരത്തി സ്വാഗതവും എ.ജെ. ലോറൻസ് കൃതജ്ഞതയും പറഞ്ഞു.

No comments