അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് റാലിക്ക് കാസർഗോഡ് വിദ്യാനഗറിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി
കാസർകോട്ആറുനാൾ നീളുന്ന അഗ്നിവീർ ആർമി റിക്രൂട്ട്മെന്റ് റാലിക്ക് വിദ്യാനഗറിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെയും കാസർകോട് മുതൽ തൃശൂർ വരെ ഏഴ് ജില്ലകളിലെയും നാലായിരത്തോളം ഉദ്യോഗാർഥികളാണ് റാലിയിൽ പങ്കെടുക്കുന്നത്. ആദ്യദിവസം അറുന്നൂറിലധികം പേരുടെ കായികക്ഷമത പരിശോധനയും അളവെടുപ്പുമാണ് നടന്നത്. എഡിഎം പി അഖിൽ റിക്രൂട്ട്മെന്റ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫീസ് ഡയറക്ടർ കേണൽ ഐ വി എസ് രംഗനാഥിന്റെ നേതൃത്വത്തിലാണ് റാലി. നേരത്തെ നടത്തിയ ഓൺലൈൻ പരീക്ഷയിൽ വിജയികളായവരാണ് റാലിയിൽ പങ്കെടുക്കുന്നത്. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലർക്ക്, സ്റ്റോർ കീപ്പർ, ട്രേഡ്സ്മാൻ
തസ്തികകളിലാണ് നിയമനം. മൂന്നുമാസത്തിനകം റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടക്കും. ഒഴിവുകളുടെ എണ്ണം തീരുമാനിക്കപ്പെട്ടിട്ടില്ല. ശാരീരിക ക്ഷമത പരിശോധന, കായികക്ഷമത പരിശോധന എന്നിവ ഉൾപ്പെടുന്ന റിക്രൂട്ട്മെന്റ് റാലി കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫീസിന്റെ മേൽനോട്ടത്തിലാണ്. 1600 മീറ്റർ ഓട്ടം, ജംബിങ്, പുൾ അപ്, സിഗ് സാഗ് ബാലൻസിങ് എന്നിവയിൽ വിജയിക്കുന്നവർക്കാണ് ശാരീരികക്ഷമത പരിശോധന. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്കായ വൈദ്യപരിശോധനയുണ്ട്. റാലിയുടെ നടത്തിപ്പിനായി കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫീസ് ജീവനക്കാരും കണ്ണൂർ ഡിഎസ്സി സെന്ററിലെ നൂറ് പട്ടാളക്കാരും ക്യാന്പ് ചെയ്ത് ഒരുക്കങ്ങൾ പൂർത്തിയാക്കി. റാലി 11 വരെ തുടരും.
No comments